പാക് പടയെ തുന്നംപാടിച്ച ബി.എസ്.എഫ് പെൺപുലികൾ
ന്യൂഡൽഹി: സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്കെതിരെ ഇന്ത്യ തിരിച്ചടിച്ച ഓപ്പറേഷൻ സിന്ദൂർ. ഇതിനിടെ ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലെ
അതിർത്തി കടന്ന് ആക്രമിക്കാൻ തുനിഞ്ഞ പാക് സൈന്യം. നിമിഷനേരംകൊണ്ട് അവരെ തറ പറ്രിച്ചത് ബി.എസ്.എഫിന്റെ ഏഴ് പെൺപുലികൾ.
ഓപ്പറേഷൻ സിന്ദൂറിനിടെ അഖ്‌നൂർ സെക്‌ടർ കാത്തത് ഈ പെൺകരുത്താണ്. ഇന്ത്യൻ സേനാ ചരിത്രത്തിൽ ആദ്യമായാണ് ഒരു യുദ്ധത്തിൽ വനിതകൾ നേരിട്ട് പങ്കാളികളാകുന്നത്. അഖ്നൂർ സെക്‌ടറിലെ രണ്ട് പോസ്റ്റുകളിൽ മൂന്നു ദിവസം പോരാട്ടം നയിച്ചത് അസിസ്റ്റന്റ് കമാണ്ടന്റ് നേഹ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗ വനിതാ ബി.എസ്.എഫ് സംഘമാണ്. അന്നുവരെ അതിർത്തിയിൽ കാവൽ നിന്നിരുന്ന അവർ യുദ്ധമുഖത്തിറങ്ങി. പാക് ഡ്രോൺ, ഷെൽ ആക്രമണങ്ങൾ ചെറുത്തു. തിരിച്ചടിച്ചപ്പോൾ പിടിച്ചു നിൽക്കാനാകാതെ പാക് സൈന്യം അടിയറവുപറഞ്ഞു.
സംഘത്തിലുള്ള പഞ്ചാബ് സ്വദേശികളായ മൻജിത് കൗറിനും മൽകിത് കൗറിനും 17 വർഷത്തെ സർവീസുണ്ട്. ബംഗാൾ സ്വദേശി സ്വപ്ന രഥ്, ഷാമ്പ ബസക്, ജാർഖണ്ഡ് സ്വദേശി സുമി സെസ്, ഒഡീഷയിൽ നിന്നുള്ള ജ്യോതി ബനിയൻ എന്നിവർ 2023ൽ മാത്രം സേനയിലെത്തിയവർ. യുദ്ധമുഖത്ത് അവർ പകച്ചില്ല. ആയുധ പരിശീലനവും മാനസിക പ്രതിരോധശേഷിയും പരീക്ഷിക്കാനുള്ള അവസരമായിരുന്നു ഓപ്പറേഷൻ സിന്ദൂറെന്ന് അവർ ഉറപ്പോടെ പറയുന്നു.
പാകിസ്ഥാൻ കനത്ത വെടിവയ്‌പും ഷെല്ലാക്രമണവും തുടങ്ങിയപ്പോൾ പുരുഷ സൈനികർ മാറിക്കൊടുത്തു. പുരുഷ സൈനികർക്ക് തുല്യമായ പരിശീലനം ലഭിച്ചതിനാൽ പതറേണ്ട ആവശ്യമില്ലായിരുന്നുവെന്ന് കമാണ്ടർ നേഹ പറയുന്നു. ശത്രുവിനെ നേരിടാൻ പുരുഷന്മാരെപ്പോലെ കഴിവുണ്ടെന്ന് തെളിയിക്കാൻ ഓപ്പറേഷൻ സിന്ദൂർ അവസരമായിരുന്നു. സേനാ പാരമ്പര്യമുള്ള കുടുംബമാണ് നേഹയുടേത്. മാതാപിതാക്കൾ സി.ആർ.പി.എഫിൽ. മാതാവ് ഇപ്പോഴും സർവീസിലുണ്ട്.
-എങ്ങനെ ആക്രമിക്കണമെന്നും ഏതൊക്കെ ആയുധങ്ങൾ ഉപയോഗിക്കണമെന്നതടക്കം എല്ലാ നിർണായക തീരുമാനങ്ങളും വനിതാ കമാൻഡർ സ്വതന്ത്രമായാണ് എടുത്തത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇത് ആദ്യമാണ്. കരസേനയിൽ പോലും വനിതാ ഓഫീസർമാർ യുദ്ധേതര ദൗത്യങ്ങളാണ് നിർവഹിക്കുന്നത്.
വരീന്ദർ ദത്ത
ബി.എസ്.എഫ് ഡി.ഐ.ജി