അമിത് ഷാ ജമ്മു കാശ്‌മീരിൽ, 118 ശത്രു പോസ്റ്റുകൾ തകർത്തത് മികവ്

Saturday 31 May 2025 12:10 AM IST

ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിനുശേഷം ജമ്മു കാശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,​ പൂഞ്ചിലെ ബി.എസ്.എഫ് പോസ്റ്റുകൾ സന്ദർശിച്ച് ജവാൻമാരുമായി സംവദിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ശത്രുക്കളുടെ 118 പോസ്റ്റുകൾ നശിപ്പിച്ച ബി.എസ്.ഫിന്റെ മികവിനെ ഷാ അഭിനന്ദിച്ചു.

ശത്രുവിന്റെ നിരീക്ഷണ ശൃംഖല നാം തകർത്തു. അത് നന്നാക്കാൻ അവർക്ക് വർഷങ്ങളെടുക്കും. നമ്മുടെ അതിർത്തികളെയും ജനവാസ മേഖലയെയും പാകിസ്ഥാൻ ആക്രമിച്ചപ്പോൾ കനത്ത തിരിച്ചടി നൽകി. ശത്രുവിന്റെ നിരീക്ഷണ സംവിധാനം ഓരോന്നായി തകർത്തു. പാകിസ്ഥാന്റെ ആശയവിനിമയ സംവിധാനങ്ങൾക്കുൾപ്പെടെ വലിയ ആഘാതമുണ്ടായി. ഇനിയൊരു യുദ്ധത്തിനൊരുങ്ങാൻ അവർക്ക് വർഷങ്ങൾ വേണ്ടിവരും.

ദുർഘടമായ ഭൂപ്രദേശങ്ങളിൽ അർപ്പണബോധത്തോടെ ബി‌.എസ്‌.എഫ് പ്രവർത്തിക്കുന്നു. സർക്കാരിനും പൗരന്മാർക്കും വേണ്ടി ഷാ സൈനികരോട് നന്ദി അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ഷാ ജമ്മു കാശ്മീരിലെത്തിയത്. സ്ഥിതിഗതികൾ, അമർനാഥ് യാത്രാ തയാറെടുപ്പ് എന്നിവ അവലോകനം ചെയ്തു. പൂഞ്ചിലെൽ പാക് ഷെല്ലാക്രമണത്തിന് ഇരയായവരുമായി സംവദിച്ചു. ഷെല്ലാക്രമണത്തിൽ തകർന്ന ഗുരുദ്വാര സന്ദർശിച്ചു.