തോരാമഴയിൽ തീരദേശത്ത് വീടുകൾ വെള്ളത്തിൽ

Saturday 31 May 2025 12:30 AM IST

കയ്പമംഗലം: തോരാമഴയെ തുടർന്ന് എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രധാന തോടുകൾ കടന്നു പോകുന്ന പ്രദേശത്തെ വീടുകൾ വെള്ളത്തിലായി. എടത്തിരുത്തി പതിനഞ്ചാം വാർഡ് ചെന്ത്രാപ്പിന്നി ബൈപ്പാസിന് സമീപവും പപ്പടംനഗറിലും നിരവധി വീടുകളിൽ വെള്ളം കയറി. പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി. ദേശീയപാത നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകിപ്പോകുന്ന തോടുകൾ നികത്തിയതും കൂടുതൽ വെള്ളക്കെട്ടിന് കാരണമായി. വീട്ടുപറമ്പുകളിലേക്ക് തോടുകൾ കവിഞ്ഞൊഴുകി അമ്പതോളം വീടുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകകാണ്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. റോഡുകളിലും വെള്ളക്കെട്ട് മൂലം സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. എസ്.എൻ വിദ്യാഭവൻ പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി സ്ഥലത്ത് കൃഷി നാശവും ഉണ്ടായി. കയ്പമംഗലം പഞ്ചായത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. രണ്ടാം വാർഡ് കൂരിക്കുഴി സലഫി വടക്ക് ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. ഈ ഭാഗത്ത് നാല്പതോളം കുടുംബങ്ങൾ വെള്ളക്കെട്ടിലാണ്. ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വാർഡ് മെമ്പർ പി.എം.എസ്.ആബിദീൻ എന്നിവർ പറഞ്ഞു. കാളമുറി കിഴക്ക് വിളക്കുപറമ്പ്, തൈവെപ്പ്, പള്ളിത്താനം, ഗ്രാമലക്ഷ്മി പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമാണ്. വൈകീട്ടോടെ കൂരിക്കുഴി ബാബുൽഉലും മദ്രസ, ആർ.സി.യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ.