യന്ത്രമുണ്ട്, പ്രവർത്തിപ്പിക്കില്ല, സ്കാനിംഗ് ഫലത്തിന് കാത്തിരിപ്പ്..!

Saturday 31 May 2025 12:32 AM IST

  • കാത്തിരിപ്പ് തുടർന്ന് രോഗികൾ

തൃശൂർ: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ തുടങ്ങിയ ചികിത്സാ സംവിധാനങ്ങളുടെ സേവനവും പരിശോധനാ ഫലവും ലഭിക്കുന്നതിന് നീണ്ട കാലതാമസം. കിടപ്പു രോഗിക്കാണെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കാത്തിരിക്കണം. ഒ.പിയിൽ എത്തുന്നവർക്ക് മൂന്ന് മാസം കഴിഞ്ഞുള്ള തീയതിയാണ് സ്‌കാനിംഗിന് ലഭിക്കുന്നത്. സ്‌കാനിംഗ് കഴിഞ്ഞാലും പരിശോധനാ ഫലത്തിനായി രണ്ടോ മൂന്നോ ആഴ്ച കാത്തിരിക്കണം. മെഡിക്കൽ കോളേജിൽ റേഡിയോളജി ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലാണ് സ്‌കാനിംഗ് സേവനമുള്ളത്. വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ എം.ആർ.ഐ സ്‌കാൻ സെന്ററിലും പരിശോധനാ തീയതികൾ ലഭിക്കാൻ സമയമെടുക്കുന്നുണ്ട്. ഇതിനിടെ രോഗികളിൽ നിന്നും 300 രൂപ ഈടാക്കി ആശുപത്രിക്ക് പുറത്തുള്ള ഡോക്ടർമാരെ ഉപയോഗിച്ച് പരിശോധനാഫലം വേഗം നൽകുന്നുമുണ്ട്. ആശുപത്രി വികസന സമിതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഇതെന്നാണ് ആരോപണം.

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് പാവപ്പെട്ട രോഗികളും കാൻസർ ബാധിച്ച് സർജറി വേണ്ട രോഗികളുമാണ് തൃശൂർ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്. രോഗികൾക്ക് സ്‌കാനിംഗ് വൈകുന്നതിനാൽ മരണം വരെ സംഭവിച്ചേക്കാം. ഇതിനാൽ പലരും 1000 മുതൽ 8000 രൂപ വരെ നൽകി സ്വകാര്യ സ്‌കാൻ സെന്ററിൽ അഭയം തേടുകയാണ്.

പ്രവർത്തിപ്പിക്കാതെ പുതിയ മെഷിൻ

മെഡിക്കൽ കോളേജിൽ പുതിയ സി.ടി സ്‌കാൻ യന്ത്രം സ്ഥാപിച്ചിട്ട് മൂന്ന് മാസമായെങ്കിലും ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഡോക്ടർമാരുടെ കുറവ് മൂലമാണ് രണ്ടു കോടിയോളം ചെലവിൽ സ്ഥാപിച്ച യന്ത്രം പ്രവർത്തിപ്പിക്കാത്തത്. നിരവധി രോഗികൾക്ക് ലഭിക്കേണ്ട സൗകര്യം നിഷേധിക്കപ്പെടുന്നുവെന്നത് മാത്രമല്ല, യന്ത്രത്തിന് കമ്പനികൾ നൽകുന്ന വാറന്റി ഉൾപ്പെടെയുള്ളവ ഇതുമൂലം നഷ്ടമാകും. സർക്കാരിന്റെയും റേഡിയോളജി വകുപ്പിന്റെയും കൂടാതെ ബാർക് അനുമതി കൂടി ലഭ്യമായ ശേഷം സ്ഥാപിച്ച സ്‌കാനിംഗ് യന്ത്രത്തിനാണ് ഈ ദുർഗതി.

മനുഷ്യാവകാശ കമ്മിഷന് പരാതി

മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ സേവനങ്ങൾ വൈകുന്നുവെന്നും പുതിയ യന്ത്രം പ്രവർത്തിപ്പിക്കുന്നില്ലെന്നും കാണിച്ച് ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റും മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘം മുൻ പ്രസിഡന്റുമായ കെ.എൻ.നാരായണൻ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. പ്രിൻസിപ്പലിനെയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറെയും എതിർ കക്ഷികളാക്കിയാണ് പരാതി. സ്‌കാനിംഗ് പ്രതിസന്ധിയെക്കുറിച്ച് 2024 ഏപ്രിലിൽ തന്നെ ആരോഗ്യമന്ത്രി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കളക്ടർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്.