കുഴികൾ നിറഞ്ഞ് റോഡുകൾ, വെള്ളത്തിൽ പൊടിയിട്ട് മൂടാൻ ശ്രമം..!
തൃശൂർ: ദേശീയപാതയിലെ കുരുക്ക് മുറുക്കി സർവീസ് റോഡുകളിൽ വൻ കുഴികൾ രൂപപ്പെട്ടു. മഴയെത്തിയതോടെയാണ് അടിപ്പാതകളുടെ പണികൾ നടക്കുന്ന പല സ്ഥലങ്ങളിലെയും സർവീസ് റോഡുകൾ തകർന്നിരിക്കുന്നത്. കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമായി. കുഴിയിൽ വീണ് ലോറി കേടായതിനെ തുടർന്ന് മുടിക്കോട് അടിപ്പാതയിലെ സർവീസ് റോഡിൽ നിന്ന് കിലോമീറ്ററുകളോളമാണ് വാഹനങ്ങൾ കുടുങ്ങിയത്. കുഴികൾ മൂടാൻ കരാറുകാരൻ ക്വാറി വേസ്റ്റും പൊടിയുമായി ഉണ്ടെങ്കിലും വാഹനങ്ങൾ കയറിയിറങ്ങുന്നതോടെ കുഴികൾ വീണ്ടും പഴയ രൂപത്തിലേക്ക് മാറുകയാണ്. സർവീസ് റോഡുകൾ കുഴിയായതോടെ വാഹനങ്ങൾ നിരങ്ങിയാണ് നീങ്ങുന്നത്. പൊലീസിനെ സർവീസ് റോഡുകളിൽ നിർത്തിയിട്ടുണ്ടെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. വളരെ പതുക്കെ മാത്രമേ വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കൂവെന്നതിനാലാണ് കുരുക്ക് മുറുകുന്നത്. മഴ മാറാതെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. നല്ല രീതിയിൽ സർവീസ് റോഡുകൾ പണിയാത്തതു മൂലമാണ് മഴ പെയതപ്പോഴേക്കും റോഡുകൾ തകരാൻ കാരണമെന്ന് വാഹനയാത്രക്കാരും അഭിപ്രായപ്പെട്ടു. റോഡിൽ കുഴിയില്ലാതിരുന്നാൽ തടസമില്ലാതെ ഗതാഗതം സുഗമമാക്കാൻ കഴിയും. ഇപ്പോൾ കൂനിൽമേൽ കുരുവെന്ന് പറയുന്നതു പോലെ സാധാരണയുള്ള കുരുക്കിന് പുറമേ റോഡും കൂടി തകർന്നതോടെ വേറെ വഴിയില്ലാതായിരിക്കയാണ്.
കുരുക്ക് മൂലം ബസ് സർവീസ് നടത്തുന്നതും വെല്ലുവിളിയായി. സമയത്ത് ഓടിയെത്താൻ സാധിക്കാത്ത അവസ്ഥയാണ്. തൃശൂർ - പാലക്കാട് റൂട്ടിലെ പല ബസുകളും സർവീസ് നിർത്തിവയ്ക്കുന്ന സാഹചര്യമാണുള്ളത്. മുടിക്കോടും കല്ലിടുക്കുമൊക്കെ താണ്ടിയെത്താൻ സമയമെടുക്കുകയാണ്.
-റെജി ഫിലിപ്പ്, ബസ് കണ്ടക്ടർ