കന്നിപുറത്ത് പാലം വരുന്നു
ഉദിയൻകുളങ്ങര: കാത്തിരിപ്പിന് വിരാമം. നെയ്യാറിലെ കന്നിപ്പുറത്ത് പാലം നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണക്കരാറും പൂർത്തിയാക്കി. നിർമാണം അടുത്തമാസം ആരംഭിക്കാനാണ് കെ.ആർ.എഫ്.ബിയുടെ തീരുമാനം.
നെയ്യാറ്റിൻകര കോടതി സമുച്ചയത്തിനു മുന്നിൽനിന്ന് ആരംഭിച്ച് നെയ്യാറിലെ കന്നിപ്പുറം കടവും കടന്ന് ഇരുമ്പിലിലെത്തുന്നതാണ് അപ്രോച്ച് റോഡും പാലവും. കന്നിപ്പുറത്ത് പാലം വരുന്നതോടെ ഇരുമ്പിൽ, ചായ്‌ക്കോട്ടുകോണം, മരുതത്തൂർ പ്രദേശത്തുള്ളവർക്ക് നെയ്യാറ്റിൻകര നഗരത്തിൽ പെട്ടെന്ന് എത്താൻ കഴിയും. പാലത്തിലേക്ക് ഇരുമ്പിൽ പ്രദേശത്തും കോടതിക്കു മുന്നിലും നിന്ന് അപ്രോച്ച് റോഡ് നിർമ്മിക്കാൻ സ്ഥലമേറ്റെടുപ്പും പൂർത്തീകരിച്ചു.
എട്ടുമീറ്റർ വീതിയിലാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. ഇതിൽ കോടതിക്കുമുന്നിൽനിന്ന് കന്നിപ്പുറം വരെയുള്ള പ്രദേശത്തെ സ്ഥലമേറ്റെടുക്കലായിരുന്നു കുറച്ചുകാലമായി നിലവിലുണ്ടായിരുന്ന വെല്ലുവിളി. ഒരുവശത്തുള്ള നെയ്യാറ്റിൻകര കോടതി സമുച്ചയവും മറുവശത്തെ അഭിഭാഷകരുടെ ഓഫീസുകളും വീടുകളുമാണ് സ്ഥലമേറ്റെടുക്കലിന് ആദ്യഘട്ടത്തിൽ പ്രതിസന്ധിയുണ്ടാക്കിയിരുന്നത്. അപ്രോച്ച് റോഡിന് കോടതിസമുച്ചയത്തിലെ സ്ഥലം ഒന്നരമീറ്റർ വീതിയിൽ വിട്ടുനൽകാൻ ഹൈക്കോടതി രജിസ്ട്രാർ അനുമതി നൽകിയതോടെ മറുവശത്തെ സ്ഥലമേറ്റെടുക്കലും വേഗത്തിലായിരുന്നു.
മഴക്കാലത്ത്
കടത്തുവള്ളമില്ല
കാലങ്ങളായി കടത്തുവള്ളത്തെ ആശ്രയിച്ചാണ് നെയ്യാറ്റിൻകരയിലേക്ക് ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ യാത്ര ചെയ്തിരുന്നത്. മഴക്കാലമായാൽ നെയ്യാറിൽ ജലനിരപ്പ് ഉയരുന്നതോടെ കടത്തുവള്ളം ഇറക്കാറില്ല. ഈ സമയങ്ങളിൽ നാട്ടുകാർ കിലോമീറ്ററുകൾ കടന്നുചെന്ന് പാലക്കടവ് പാലം വഴിയും അറക്കുന്ന് പാലം വഴിയുമാണ് നെയ്യാറ്റിൻകര നഗരപരിധിയിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ.
കാത്തിരിപ്പിന് വിരാമം
കന്നിപുറത്ത് പാലം യാഥാർത്ഥ്യമാകുന്നതോടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമാകുകയാണ്.
ഗവ. ഹൈസ്കൂളുകളിലേക്കും വിവിധ പ്രൈവറ്റ് സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോളിടെക്നിക്കിലേക്കും എത്തിച്ചേരാൻ എളുപ്പത്തിൽ കഴിയും. നെയ്യാറ്റിൻകര ബസ്റ്റാൻഡിലേക്കും എത്തിച്ചേരാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെയും റോഡിന്റെയും നിർമ്മാണം.