അനിശ്ചിതത്വങ്ങൾ മറികടന്ന് 7.4% വളർന്ന് ജി.ഡി.പി

Saturday 31 May 2025 1:06 AM IST

ന്യൂഡൽഹി: ആഗോളമേഖലയിലെ കനത്ത അനിശ്ചിതത്വങ്ങൾ മറികടന്ന്, ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ലെ​ ​അ​വ​സാ​ന​ ​ത്രൈ​മാ​സ​ക്കാ​ല​യ​ള​വി​ൽ ഇന്ത്യ ​ 7.4 ശതമാനം വളർച്ച നേടി. എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തിയാണ് കഴിഞ്ഞ നാലുപാ​ദങ്ങളിലെയും ഏറ്റവും ഉയ‌ർന്ന വള‌‌ർച്ചാനിരക്കിലെത്തിയത്.

അതേസമയം, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻ.എസ്.ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023- 24ൽ 9.2 ശതമാനം വളർച്ച നേടിയ സമ്പദ്‌വ്യവസ്ഥ, 2024- 25 ൽ 6.5 ശതമാനമായി.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യങ്ങൾ മറികടക്കാൻ ലോക സാമ്പത്തികശക്തികൾ കിണഞ്ഞുപരിശ്രമിക്കുമ്പോഴാണ് ഇന്ത്യയുടെ മെച്ചപ്പെട്ട പ്രകടനം. വരുംവർഷങ്ങളിലും ഇതേ വളർച്ച തുടരുകയാണെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ രാജ്യം ജർമ്മനിയെ പിന്തള്ളി, ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് വിദഗ്ദ്ധർ കണക്കുകൂട്ടുന്നു.

 സാമ്പത്തിക വളർച്ച 2024- 25- 2023- 24

 സ്വകാര്യ ഉപഭോഗം- 7.2 % - 5.6%

 കാർഷിക വളർച്ച- 4.6% - 2.7%

 നിർമ്മാണ മേഖല- 9.4%- 10.4%

 മാനുഫാക്ചറിംഗ് മേഖല- 4.5%- 12.3%

2024- 25 സാമ്പത്തിക വർഷത്തിലെ ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിൽ കാർഷിക മേഖലയിൽ 5.4% ഉം നിർമ്മാണ മേഖലയിൽ 10.8% ഉം മാനുഫാക്ചറിംഗ് മേഖലയിൽ 4.8% വളർച്ചയും നേടി.