1,000 സിനിമയിൽ അഭിനയിച്ച കാക്ക !

Saturday 31 May 2025 6:55 AM IST

ന്യൂയോർക്ക്: കാക്ക വർഗത്തിലെ റേവൻ ഇനത്തിൽപ്പെട്ട പക്ഷിയായിരുന്നു ജിമ്മി. 'ജിമ്മി ദ റേവൻ' എന്നറിയപ്പെട്ടിരുന്ന ഈ പക്ഷി ഒരിക്കൽ ഹോളിവുഡിലെ തിരക്കേറിയ താരമായിരുന്നു. ! 1930 - 1950 കാലഘട്ടത്തിനിടെ 1,000ത്തിലേറെ സിനിമകളിലാണ് ജിമ്മി അഭിനയിച്ചതെന്ന് പറയപ്പെടുന്നു. 1938ൽ പുറത്തിറങ്ങിയ ' യു കാന്റ് ടേക്ക് ഇറ്റ് വിത്ത് യു ' എന്ന ചിത്രത്തിലാണ് ജിമ്മി ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിന്റെ സംവിധായകൻ ഫ്രാങ്ക് കാപ്ര തന്റെ പിന്നീടുള്ള സിനിമകളിലെല്ലാം ജിമ്മിക്കും 'വേഷം' നൽകി. 'ദ വിസാർഡ് ഒഫ് ഓസ് ', 'ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് ' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ജിമ്മി പ്രത്യക്ഷപ്പെട്ടു. കർലി ട്വിഫോർഡ് എന്ന മൃഗ പരിശീലകനായിരുന്നു ജിമ്മിയുടെ ഗുരു. 1934ൽ യു.എസിലെ മോഹാവി മരുഭൂമിയിൽ നിന്നാണ് ട്വിഫോർഡിന് ജിമ്മിയെ ലഭിച്ചതത്രെ.

ടൈപ്പ് ചെയ്യൽ, കത്തുകൾ തുറക്കൽ തുടങ്ങി ചെറിയ മോട്ടോർ സൈക്കിൾ ഓടിക്കൽ വരെ ജിമ്മിക്ക് വശമുണ്ടായിരുന്നു. 8 വയസുള്ള ഒരു കുട്ടി‌ക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ജിമ്മിക്കും ചെയ്യാൻ സാധിച്ചിരുന്നത്രെ ! നൂറിലേറെ വാക്കുകൾ മനസിലാക്കിയിരുന്ന ജിമ്മി രണ്ട് അക്ഷരമുള്ള ഒരു വാക്ക് രണ്ടാഴ്‌ച കൊണ്ട് പഠിച്ചെടുത്തിരുന്നു.

പ്രശസ്തി വർദ്ധിച്ചതോടെ പ്രൊഡക്ഷൻ കമ്പനിയായ മെട്രോ ഗോൾഡ്‌വെയ്ൻ മെയർ ജിമ്മിക്ക് 10,000 യു.എസ് ഡോളറിന്റെ ഇൻഷ്വറൻസ് ഏർപ്പെടുത്തി. 500 ഡോളറായിരുന്നു ജിമ്മിയുടെ ഒരാഴ്‌ചത്തെ പ്രതിഫലം. 1954ൽ പുറത്തിറങ്ങിയ '3 റിംഗ് സർക്കസി 'ലാണ് ജിമ്മി ഒടുവിലായി അഭിനയിച്ചത്. അതിനു ശേഷം ജിമ്മിയെ പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചില്ല. 1956ൽ ജിമ്മിയുടെ പരിശീലകനായ ട്വിഫോർഡ് മരണമടഞ്ഞു. 1954ന് ശേഷം ജിമ്മിയും വിടപറഞ്ഞിരിക്കാമെന്ന് കരുതുന്നു.