ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തൽ നിർദ്ദേശിച്ച് യു.എസ്
ടെൽ അവീവ്: ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനുള്ള കരാർ നിർദ്ദേശിച്ച് യു.എസ്. ഇസ്രയേലും ഹമാസും പരോക്ഷ ചർച്ചകൾ തുടരുന്നതിനിടെയാണ് മദ്ധ്യസ്ഥ രാജ്യമായ യു.എസിന്റെ നീക്കം. ഇസ്രയേൽ കരാർ അംഗീകരിച്ചെന്ന് യു.എസ് പറയുന്നു. അതേ സമയം, കരാർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതല്ലെന്നും എന്നിരുന്നാലും മുതിർന്ന നേതാക്കൾ സമഗ്ര അവലോകനം നടത്തുകയാണെന്നും ഹമാസ് പ്രതികരിച്ചു.
വെടിനിറുത്തലിന്റെ ആദ്യ ആഴ്ചയിൽ ഹമാസ് 28 ഇസ്രയേലി ബന്ദികളെ വിട്ടുനൽകണമെന്നും, പകരമായി 1,236 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലിലെ ജയിലുകളിൽ നിന്ന് മോചിപ്പിക്കണമെന്നും കരാറിൽ പറയുന്നു. കൊല്ലപ്പെട്ട 180 പാലസ്തീനികളുടെ മൃതദേഹങ്ങളും ഇസ്രയേൽ ഹമാസിന് കൈമാറണം.
കരാറിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മദ്ധ്യസ്ഥ രാജ്യങ്ങളായ ഈജിപ്റ്റ്, ഖത്തർ എന്നിവരും ഉറപ്പ് നൽകുന്നു. കരാറിൽ ഹമാസ് ഒപ്പിട്ടാൽ അപ്പോൾ തന്നെ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുമെന്നും വ്യക്തമാക്കുന്നു.
58 ഇസ്രയേലി ബന്ദികളാണ് ജീവനോടെയോ അല്ലാതെയോ ഗാസയിലുള്ളത്. അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 54,320 കടന്നു.