'രാജാവിന്റെ മകനിൽ ലാലേട്ടൻ അഭിനയിച്ചത് പേടിയോടെ, ആ സമയത്ത് സൂപ്പർസ്റ്റാറുകളെക്കാൾ തിരക്ക് മറ്റൊരു നടനായിരുന്നു'
ഒരു കാലത്ത് മലയാളം, തമിഴ്, കന്നട സിനിമകളിൽ സൂപ്പർസ്റ്റാറുകളോടൊപ്പം അഭിനയിച്ച നടിയാണ് അംബിക. മലയാളത്തിലാണ് അംബിക കൂടുതലും തിളങ്ങിയത്. അതിൽ ഇപ്പോഴും മലയാളികൾ മറക്കാത്തത് അംബിക അഭിനയിച്ച രാജാവിന്റെ മകൻ എന്ന ചിത്രമാണ്. മോഹൻലാൽ വില്ലനായെത്തിയ ചിത്രത്തിൽ നാൻസി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ രാജാവിന്റെ മകൻ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തുണ്ടായ ചില അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് അംബിക. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
'രാജാവിന്റെ മകനിൽ അഭിനയിക്കുന്ന സമയത്ത് ലാലേട്ടന് നല്ല പേടിയുണ്ടായിരുന്നു. അതിനുമുമ്പ് വരെ പല സിനിമകളിലും നായകവേഷമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. കേൾക്കാത്ത ശബ്ദം എന്ന സിനിമയിൽ ഞാനും അദ്ദേഹവും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷമാണ് രാജാവിന്റെ മകനിൽ അദ്ദേഹം വില്ലൻ കഥാപാത്രത്തെ അഭിനയിച്ചത്. വില്ലൻ വേഷം തനിക്ക് ചേരുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഈ സിനിമ വിജയിപ്പിക്കണമെന്നത് എല്ലാവരുടെയും ആവശ്യമായിരുന്നു.
അന്ന് ഞാൻ അഭിനയിച്ച ചിത്രങ്ങളൊക്കെ ഇന്നാണ് വന്നിരുന്നതെങ്കിൽ എന്റെ റേയ്ഞ്ച് വരെ മാറിപോകുമായിരുന്നു. ഇപ്പോഴിറങ്ങുന്ന എല്ലാ ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുളള പ്രമോഷനുകളാണ് കൊടുക്കുന്നത്. അതിലെ പല ഡയലോഗുകളും ഇപ്പോഴും അറിയാം. മലയാളികൾക്കും അറിയാം.ലാലേട്ടന്റെയും മമ്മൂക്കയുടെയും പല ഹിറ്റ് ചിത്രങ്ങളിലും ഞാൻ അഭിനയിച്ചിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും മറക്കാൻ കഴിയാത്തതായിരുന്നു. അദ്ദേഹം ഒരു സമയം ഒന്നിലധികം സിനിമകളിലായിരുന്നു അഭിനയിച്ചത്. ആ സമയത്ത് ലാലേട്ടനേയും മമ്മൂക്കയെയുക്കാളും തിരക്ക് ജഗതി ശ്രീകുമാറിനായിരുന്നു. അദ്ദേഹം ഒരു സമയം ഒന്നിലധികം സിനിമകളിൽ ഷിഫ്റ്റ് വച്ച് അഭിനയിക്കുമായിരുന്നു'- അംബിക പറഞ്ഞു.