'അപമാനം തോന്നുന്നു': ജാലിയൻവാലാ ബാഘ് സ്മാരകത്തിന് മുന്നിൽ സാഷ്ടാംഗം വീണ് ബ്രിട്ടനിലെ ആർച്ച് ബിഷപ്പ്

Tuesday 10 September 2019 10:11 PM IST

അമൃത്സർ: ജാലിയൻവാലാ ബാഘ് കൂട്ടക്കൊലയുടെ സ്മാരകത്തിന് മുൻപിൽ ശാഷ്ടാംഗം പ്രണമിച്ച് ബ്രിട്ടനിലെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. തന്റെ രാജ്യം ചെയ്ത ക്രൂരമായ ചെയ്‌തികൾക്ക് മാപ്പപേക്ഷിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. ഈ സംഭവത്തിൽ തനിക്ക് അങ്ങേയറ്റം അപമാനം തോന്നുന്നുണ്ടെന്ന് പറഞ്ഞ ബിഷപ്പ് ക്രൂരസംഭവത്തിന് ദൈവത്തിനോട് മാപ്പ് ചോദിച്ചുകൊണ്ട് ഉറക്കെ പ്രാർത്ഥന ചൊല്ലുകയും ചെയ്തു. സംഭവിച്ച ദുരന്തത്തിൽ ഒരു ആത്മീയ(മത) നേതാവ് എന്ന നിലയിൽ താൻ അഗാധമായി ദുഖിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. പത്ത് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയതായിരുന്നു ബിഷപ്പ്.

'ഇന്ന് അമൃത്സറിലെ ജാലിയൻവാലാ ബാഘ് സ്മാരകം സന്ദർശിച്ചപ്പോൾ അഗാധമായ ദുഖവും, അത്യധികം വിനയവും, അങ്ങേയറ്റം അപമാനവുമാണ് എനിക്ക് തോന്നിയത്. ഇവിടെ വച്ചാണ് എണ്ണിയാലൊടുങ്ങാത്ത,സിഖുകാരെയും, ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും, ക്രിസ്ത്യാനികളെയും 1919ൽ ബ്രിട്ടീഷ് പട്ടാളക്കാർ വെടിവച്ച് കൊലപ്പെടുത്തിയത്.' ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ട്വിറ്ററിൽ കുറിച്ചു.

എന്നാൽ തനിക്ക് യു.കെയുടെയും അവിടുത്തെ സർക്കാരിന്റെയും പേരിൽ മാപ്പപേക്ഷിക്കാനുള്ള അധികാരമില്ലെന്നും താൻ സംഭവത്തിൽ അതീവ ദുഖിതനാണെന്നും പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാർ എന്ന നിലയിൽ കോളനിവത്കരണ പാരമ്പര്യത്തിന്റെ ഭാഗമായ ഈ അപമാനകരമായ സംഭവം തങ്ങൾക്ക് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജാലിയൻവാലാ ബാഘ് സംഭവത്തിൽ ബ്രിട്ടൻ ഇനിയും മാപ്പ് പറഞ്ഞിട്ടില്ല. 1919ലാണ് പഞ്ചാബിലെ ജാലിയൻവാലാ ബാഘിൽ വച്ച്, ജനറൽ റെജിനാൾഡ് ഡയറുടെ ഉത്തരവ് പ്രകാരം ആയിരത്തിലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ച് കൊന്നത്.