അൻവറിന് മുന്നിൽ യു ഡി എഫ് വാതിൽ പൂർണമായി അടച്ചിട്ടില്ല , വരാൻ തയ്യാറായാൽ കൂടെ നിറുത്തുമെന്ന് കെ സുധാകരൻ

Saturday 31 May 2025 7:00 PM IST

കണ്ണൂർ: പി.വി. അൻവറിന് മുന്നിൽ യു.ഡി.എഫിന്റെ വാതിൽ പൂർണമായി അടച്ചിട്ടില്ലെന്നും വരാൻ തയ്യാറായാൽ കൂടെ നിറുത്തുമെന്നും കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി. അൻവർ തിരുത്തിയാൽ കൂടെക്കൂട്ടാൻ വ്യക്തിപരമായി ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു.

അൻവർ യു.ഡി.എഫിനൊപ്പം ഉണ്ടായിരുന്നെങ്കിൽ കരുത്തായേനെ. സി.പി.എമ്മിനും സർക്കാരിനെതിരെയും നടത്തിയ ശക്തമായ നിലപാടുകളും പ്രസ്താവനയുമാണ് അൻവറിലേക്ക് യു,​ഡി.എഫിനെ ആകർഷിച്ചത്. യു.ഡി.എഫിൽ ആർക്കും ഇപ്പോഴും അദ്ദേഹത്തോട് വിദ്വേഷമോ വൈരാഗ്യമോ ഇല്ല, അൻവറിന്റെ ഡിമാൻഡുകളാണ് യു.ഡി.എഫ് പ്രവേശനത്തെ ഇല്ലാതാക്കിയത്. യു.ഡി.എഫ് സ്ഥാനാ‌ർത്ഥിയെ അംഗീകരിക്കാത്ത ഒരാൾ എങ്ങനെ മുന്നണിക്കകത്തേക്ക് കടന്നു വരും എന്നും സുധാകരൻ ചോദിച്ചു.

സ്ഥാനാർത്ഥിയെ അംഗീകരിക്കുന്നതായി അൻവർ പറഞ്ഞിരുന്നുവെങ്കിൽ അദ്ദേഹത്തെ സതീശൻ തന്നെ കൈപിടിച്ച് കൊണ്ടുവന്നേനെ. സതീശന് അഭിപ്രായ വ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. പ്രതിപക്ഷ നേതാവ് അയഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. അൻവറും അയയണം,​ രണ്ടുപേരും അയഞ്ഞാലേ തീരുമാനമാകൂ എന്നും സുധാകരൻ പറഞ്ഞു.

അൻവർ ഇല്ലെങ്കിലും യു.ഡി.എഫ് സ്ഥാനാ‌ത്ഥി വിദ്യാർത്ഥി വിജയിക്കും. നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കി എം. സ്വരാജിനെ സി.പി.എം ബലിയാടാക്കിയെന്നും കെ. സുധാകരൻ ചൂണ്ടിക്കാണിച്ചു.