കാട്ടാളൻ ചിങ്ങം 1ന് ആരംഭിക്കും
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ് ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ" ചിങ്ങം 1ന് ചിത്രീകരണം ആരംഭിക്കും. ആന്റണി വർഗീസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് 100 ദിവസത്തെ ചിത്രീകരണമുണ്ട്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ചന്ദനക്കടത്തിന്റെയും ആനവേട്ടയുടെയും ഭൂമികയിലാണ് ഒരുങ്ങുന്നത്. മലയാളത്തിന്റെ പുഷ് പ എന്ന നിലയിലാണ് കാട്ടാളൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുക. വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കാട്ടാളൻ .
'മാർക്കോ" പോലെയോ അതിനേക്കാൾ ഉയരത്തിലോ നിൽക്കും വിധം പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ ആണ് കാട്ടാളൻ. അന്യഭാഷയിൽ നിന്നുള്ള നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. 'കാന്താര"യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് കാട്ടാളനിലൂടെ മലയാളത്തിലേക്ക് എത്തുകയാണ്. മാർക്കോയിലൂടെ കെ.ജി.എഫ് സംഗീത സംവിധായകൻ രവി ബസ്രുർ മലയാളത്തിലേക്ക് എത്തിയിരുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ സിനിമയായ കാട്ടാളന്റെ പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്രി. മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ സംഘട്ടനത്തെ സൂചിപ്പിക്കുന്നതാണ് പോസ്റ്റർ. പെപ്പെ തന്റെ യഥാർത്ഥ പേരായ ആന്റണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകത കൂടി മുൻ പോസ്റ്ററുകളിൽ പങ്കുവെച്ചിരുന്നു.