42 ലും പതിനെട്ടുകാരിയെ പോലെ തൃഷ

Sunday 01 June 2025 3:42 AM IST

പ്രായം 42 വയസ് എത്തിയിട്ടും ലുക്കിലും സ്റ്റൈലിലും വിട്ടുവീഴ്ചയില്ലാതെ തെന്നിന്ത്യൻ താരം തൃഷ. എല്ലാക്കാലത്തും ആരാധകരുടെ പ്രിയങ്കരിയാണ് തൃഷ. വെള്ളിത്തിരയിൽ ഇത്രയും കാലം നായികയായി തുടരുക എന്നത് വലിയ കാര്യംതന്നെ. കമൽഹാസൻ ചിത്രം തഗ് ലൈഫുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് വരാൻ ഒരുങ്ങുകയാണ് തൃഷ. പൊന്നിയിൽ സെൽവനിലും വിടാമുയർച്ചിയിലും ഗുഡ് ബാഡ് അഗ്ളിയിലുമെല്ലാം തൃഷയുടെ മനം മയക്കുന്ന ഭംഗി കണ്ട് ആരാധകർ അമ്പരന്നു.

കൃത്യനിഷ്ഠയാണ് തൃഷയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് വിശേഷിപ്പിക്കുന്നുണ്ട്. സാധാരണയായി ഒരു കപ്പ് ഗ്രീൻ ടീ അല്ലെങ്കിൽ കുറച്ച് നാരങ്ങ നീര് ചേർത്ത ചൂടുവെള്ളം കുടിച്ചുകൊണ്ടാണ് തൃഷയുടെ ദിവസം ആരംഭിക്കുന്നത്. ഏതുവേഷവും തൃഷയ്ക്ക് നന്നായി ഇണങ്ങും. ഏത് വസ്ത്രത്തിനും അനുയോജ്യമായ ശരീരം. കഥാപാത്രമായി മാറാൻ തൃഷ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിനായി കഠിനാദ്ധ്വാനം ചെയ്യുന്നു. മലയാളത്തിൽ ടൊവിനോ തോമസിനൊപ്പം ഐഡന്റിറ്റി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. വിജയ് സേതുപതിക്കൊപ്പം തിളങ്ങിയ 96 ന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് തൃഷ. ചിരഞ്ജീവിയുടെ നായികയായി അഭിനയിച്ച വിശ്വംഭര റിലീസ് ഒരുങ്ങുന്നു. സൂര്യ 45 എന്ന് താത്കാലിക പേരിട്ട ചിത്രത്തിലും നായിക തൃഷ കൃഷ്ണൻ തന്നെ. ബ്രിന്ധ എന്ന വെബ്സീരിസിലൂടെ അടുത്തിടെ വന്ന് അത്ഭുതപ്പെടുത്തിയതും ആരാധകർ മറന്നിട്ടില്ല.