തമിഴ്‌നാട്ടിലേക്ക് പോകുന്നവർ ശ്രദ്ധിക്കണം, ചെന്നൈ ഉൾപ്പെടെ 17 ജില്ലകൾ ഹൈ റിസ്ക് വിഭാഗത്തിൽ, മുന്നറിയിപ്പ്

Saturday 31 May 2025 8:03 PM IST

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും മഴ കനക്കുന്നു. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 17 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വെള്ളക്കെട്ട്,​ ഗതാഗത തടസം തുടങ്ങിയവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. തിരുവള്ളൂർ,​ കോയമ്പത്തൂർ,​ നീലഗിരി,​ തെങ്കാശി,​ ഡിണ്ടിഗൽ,​ തൂത്തുക്കുടി,​ ശിവഗംഗൈ,​ പുതുക്കോട്ടൈ,​ തഞ്ചാവൂർ,​ തിരുവാരൂർ,​ നാഗപട്ടണം,​ രാമനാഥപുരം,​ തിരുനെൽവേലി,​ തിരുപ്പൂർ,​ കന്യാകുമാരി,​ ചെന്നൈ നഗരങ്ങളാണ് ഹൈറിസ്ക് പട്ടികയിലുള്ളത്. മധുരയിലും വിരുദു നഗറിലും യെല്ലോ അലർട്ടാണ്.

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും രൂപം കൊണ്ട ചുഴലിക്കാറ്റാണ് തമിഴ്‌നാട്ടിൽ മഴ മുന്നറിയിപ്പിന് കാരണം. അടുത്ത അഞ്ചു ദിവസങ്ങളിൽ മഴ തുടരുമെന്നാണ് പ്രവചനം. അതിനാൽ മഴ കൂടുതലുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നനഞ്ഞ റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. അതേസമയം സ്കൂളുകൾക്കോ ഓഫീസുകൾക്കോ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.