ഒലിച്ചിറങ്ങി കർഷക കണ്ണീർ
കോട്ടയം : മികച്ച വിളവ് പ്രതീക്ഷിച്ചിറക്കിയതാണ്. പക്ഷേ, മുഴുവൻ വെള്ളത്തിലാ... തോരാമഴ കർഷകർക്ക് സമ്മാനിച്ചത് തീരാദുരിതമാണ്. നെൽ, പച്ചക്കറി, വാഴ, കപ്പ എല്ലാം വെള്ളം കൊണ്ടുപോയി. കുമരകം. തിരുവാർപ്പ് ,അയ്മനം പഞ്ചായത്തുകളിൽ മാത്രം 3000 ഏക്കറിന് മുകളിൽ പാടങ്ങളിലെ കൃഷി മടവീണ് നശിച്ചു. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ മടവീഴ്ച തടയാൻ കഴിയുന്നില്ല. പരിപ്പ് മങ്ങാട്ടുങ്കുഴി, പുത്തങ്കരി, തുമ്പേക്കണ്ടം ,കരീമഠം, കൊല്ലത്തുകരി, ഉണ്ണിപ്പാടം, മൂലേപ്പാടം തുടങ്ങി കൃഷിക്കൊരുക്കിയ പാടങ്ങളിലെല്ലാം വെള്ളംകയറി. കല്ലറ, വൈക്കം പ്രദേശങ്ങളിലും സമാനസ്ഥിതിയാണ്. വടയാർ പൊന്നുരുക്കുംപറ പാടശേഖരത്തിൽ 125 ഏക്കറിൽ കിളിർത്ത നെൽവിത്തുകൾ നശിച്ചു. 80 ലധികം കർഷകർ 10 ലക്ഷം രൂപ വായ്പയെടുത്താണ് ഇവിടെ കൃഷിയിറക്കിയത്.
കാറ്റിൽ മരം വീണ് പലയിടത്തും വൈദ്യുതി ലൈനുകൾ തകറാറിലായതോടെ പമ്പിംഗ് തടസപ്പെട്ടു. വെള്ളം വറ്റിച്ചു നെൽച്ചെടികൾ സംരക്ഷിക്കാനുള്ള ശ്രമവും ഇതോടെ പരാജയപ്പെട്ടു. വൈദ്യുതി ഓഫീസുകളിൽ പ്രതിഷേധവുമായി കർഷകർ എത്തിയെങ്കിലും പൊട്ടിവീണ ലൈൻ കമ്പികൾ ശരിയാക്കി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കുമെന്നായിരുന്നു മറുപടി. ഓണക്കാല വില്പന മുന്നിൽക്കണ്ട് കൃഷി ചെയ്ത 2000 ഹെക്ടറിലെ വാഴക്കൃഷിയാണ് നശിച്ചത്. കിലോയ്ക്ക് 35 രൂപ വില ഉള്ളപ്പോൾ വെള്ളം കയറി ചീഞ്ഞഴുകാതിരിക്കാൻ മൂപ്പെത്താത്ത കപ്പ പറിച്ചു വിറ്റവർക്ക് 20 രൂപയിൽ താഴെയാണ് ലഭിച്ചത്.
നഷ്ടപരിഹാരത്തിന് ഇനി കാത്തിരിപ്പ്
കൃഷി നാശത്തിന്റെ നഷ്ടപരിഹാരം കിട്ടാൻ ഇനി കാത്തിരിക്കണമെന്ന് കർഷകർ പറയുന്നു. കൃഷി നാശം ആദ്യം കൃഷി ഭവനിൽ അറിയിക്കണം. ഉദ്യോഗസ്ഥരെത്തി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി കൃഷി ഭവനിലേക്ക് അയയ്ക്കണം. കർഷകർ കൃഷി നാശം സംഭവിച്ച സ്ഥലത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് പത്തു ദിവസത്തിനകം അഗ്രികൾച്ചറൽ ഇൻഫർമേഷൻ മാനേജിംഗ് സിസ്റ്റമെന്ന പോർട്ടലിൽ അപേക്ഷ നൽകണം. ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയാകുംവരെ നാശം സംഭവിച്ച വിളകൾ അതേ പടി നിലനിറുത്തണം. ഈ നിബന്ധനകൾ പൂർത്തിയാക്കിയാലും നഷ്ടപരിഹാരം എന്ന് കിട്ടുമെന്ന് ഒരുറപ്പുമില്ല.