രാജ്യത്ത് കൊവിഡ് കേസുകൾ 3000 കടന്നു,​ കേരളത്തിൽ 1336 പേർക്ക് രോഗം,​ ഒരു മരണം

Saturday 31 May 2025 9:09 PM IST
ഫയൽ ചിത്രം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3395 ആക്ടീവ് കൊവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 1336 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 2025 ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിൽ അഞ്ചു പേരും ഡൽഹിയിൽ രണ്ടുപേരും കൊവിഡ് ബാധിച്ച് മരിച്ചത്.കൊവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വർദ്ധനവ് കാരണം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.കേരളത്തിന് പുറമേ മഹാരാഷ്ട്ര,​ ഡൽഹി. ഗുജറാത്ത്,​ കർണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി.

അതേസമയം കേരളത്തിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനകളും മതിയായ മരുന്നുകളും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ‌ പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കണം. ഗർഭിണികൾ, പ്രായമായവർ, രോഗികൾ എന്നിവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർ‌ത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

.