ആർത്തിരമ്പി കടൽ; ആധി തിന്ന് തീരം

Saturday 31 May 2025 9:50 PM IST

കടുത്ത കടലാക്രമണഭീഷണിയിലാണ് എഴുപത് കിലോമീറ്റർ നീളത്തിലുള്ള കാസർകോടൻ തീരം.അഞ്ചാൾ പൊക്കത്തിൽ ആർത്തലച്ചു വരുന്ന തിരമാലകൾ തെങ്ങും പുരയിടവും റോഡുകളും വഴികളും മണൽതിട്ടകളും തിന്നുതീർക്കുമ്പോൾ തീരവാസികളിൽ കണ്ണീരലയാണ്. ഓരോ കാലവർഷം കഴിയുന്തോറും കൂടി വരുന്ന നഷ്ടക്കണക്കുകൾ കൂട്ടിവെക്കുന്ന ഇവർ പൊള്ളയായ ആശ്വാസവാക്കുകൾ കേട്ട് മരവിച്ച മട്ടിലാണ്.ഓരോ വ‌ർഷം പിന്നിടുമ്പോഴും കരഭൂമിയുടെ അളവ് കുറഞ്ഞുകുറഞ്ഞ് കടൽ അടുത്തുകൊണ്ടിരിക്കുന്നതിന്റെ ഭീതി ഇവരുടെ മുഖത്തുണ്ട്. പ്രയോജനമില്ലാത്ത കടൽഭിത്തികളുടെ പേരിൽ പണം ധൂർത്തടിക്കപ്പെടുമ്പോൾ ശാശ്വതമായ പരിഹാരം ഇവർക്ക് ഇന്നും അകലെയാണ്. കടുത്ത കടൽക്ഷോഭം അനുഭവിക്കുന്ന കാസർകോടൻ തീരത്തിന്റെ ദുരിതക്കാഴ്ച ഇന്നുമുതൽ കേരളകൗമുദിയിൽ.ഉദിനൂർ സുകുമാരൻ തയ്യാറാക്കിയ പരമ്പര

കലങ്ങിമറിഞ്ഞ് കാസർകോടൻ തീരം

കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കാസർകോട്ടെ തീരദേശം വല്ലാതെ കലുഷിതമാണ്. വടക്ക് പൊസോട്ട് മുതൽ തെക്ക് വലിയപറമ്പ് വരെ ഏറിയും കുറഞ്ഞും കടൽ കരയിലേക്ക് കയറിവരുന്ന പ്രതിഭാസമുണ്ട്. തൃക്കണ്ണാട്, കോട്ടിക്കുളം, കൊപ്പൽ, കാപ്പിൽ, കൊവ്വൽ, ജന്മ, മാവിലാക്കടപ്പുറം, ഉപ്പള, ഷിറിയ എന്നിവിടങ്ങളിലാണ് കടലാക്രമണ ഭീഷണി കൂടുതൽ.

ഓരോ ഘട്ടത്തിലും കോടികൾ മുടക്കി മാറിമാറി വരുന്ന സർക്കാരുകൾ പലയിടത്തും ഇട്ട കരിങ്കൽ ഭിത്തികൾ എന്നേ കടലെടുത്തു. പിന്നീട് കരിങ്കൽ ക്ഷാമത്തിന്റെ പേരിൽ ഈ പദ്ധതി ഉപേക്ഷിച്ച് ജിയോബാഗ് ഇട്ടുതുടങ്ങി.എന്നാൽ ഇത് ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയതല്ലാതെ യാതൊരു പ്രയോജനവുണ്ടായില്ല.ഒന്നോ രണ്ടോ വർഷത്തിനകം ബാഗും മണലും കടലെടുക്കുന്നതാണ് അനുഭവം. ഉദുമയിലെ കൊപ്പൽ തീരത്ത് മാത്രം 500 മീറ്റർ ജിയോബാഗ് ഇട്ടതിൽ നിലവിലുള്ളത് ഏതാനും കാലി ബാഗുകൾ മാത്രമാണ്. കോട്ടിക്കുളത്ത് തൃക്കണ്ണാട് ക്ഷേത്രത്തിന് മുൻപിലായി ഇട്ടിരുന്ന ജിയോബാഗ് ഇപ്പോൾ ഒരു മണൽകൂനയാണ്.

ഏതു നിമിഷവും കടൽ കയറിവരും...

'കരിങ്കൽ ഭിത്തിയൊന്നും തിരകൾ വകവെക്കുന്നില്ല. അതും മറിഞ്ഞാണ് വെള്ളം കയറുന്നത്"- കോട്ടിക്കുളം കടപ്പുറത്തെ 65 കഴിഞ്ഞ മത്സ്യതൊഴിലാളി കുട്ട്യനും ഭാര്യ രാധയും ഏതു നിമിഷവും കടലെടുക്കാവുന്ന കൂരയിൽ കഴിയുന്നതിന്റെ ആധി പങ്കുവെക്കുകയാണ്.ആദ്യ മഴയിൽ തന്നെ കടൽ ഇത്രയധികം കോപിച്ചെങ്കിൽ ഇനിയങ്ങോട്ട് എന്തായിരിക്കും സ്ഥിതിയെന്ന ആശങ്കയാണ് ഇവർക്ക് . കടലിൽ പോയി മീൻ പിടിക്കാനാകാത്തതിന്റെ വിഷമവും ഈ കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

സമുദ്രതല പ്രതിപ്രവർത്തനം

സമുദ്രതലത്തിന്റെ പ്രതിപ്രവർത്തനം കരയിലെ മനുഷ്യർക്ക് ഉപദ്രവമായി പരിണമിക്കുമ്പോഴാണ് കടലാക്രമണം എന്ന് വിളിക്കപ്പെടുന്നത്. അതിശക്തമായ തിരകൾ നിലവിലുണ്ടായിരുന്ന തീരരേഖ നശിപ്പിക്കുകയും കരയിൽ നാശം വിതക്കുകയും ചെയ്യുന്നത് പെട്ടെന്നുണ്ടാകുന്ന ശക്തമായ പ്രകൃതിക്ഷോഭം മൂലമാണ്.ഉയർന്ന വേലിയേറ്റം, ഭൂമികുലുക്കം, കൊടുങ്കാറ്റുകൾ മുതലായവ ഇതിന് കാരണമാകാം. 1978 നവംബറിൽ ആന്ധ്രാപ്രദേശിലെ ഡിവി മുനമ്പിൽ ഉണ്ടായ കൊടുങ്കാറ്റും കടലാക്രമണവും ഇരുപതിനായിരം പേരുടെ ജീവൻ അപഹരിച്ചിരുന്നു. പുറമെ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. 2004ൽ തായ്ലൻഡിലുണ്ടായ സുനാമി ദൂരവ്യാപകമായി സമുദ്രങ്ങളുടെ അടിത്തട്ടിൽ ശക്തമായ ഭൂമികുലുക്കങ്ങൾ ഉണ്ടാക്കി വൻ നാശം വിതച്ചു.