അ​ത്ത​പ്പൂ​ക്ക​ളം കണ്ടും പായസം രുചിച്ചും ഗവർണറുടെ പത്നി

Wednesday 11 September 2019 2:25 AM IST

തിരു​വ​ന​ന്ത​പു​രം: അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കുന്നത് കാ​ണാനും ഓണാ​ഘോ​ഷത്തിൽ പ​ങ്കു​ചേർന്ന് പായ​സം രു​ചിക്കാനും ക​ഴി​ഞ്ഞ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​യി​രുന്നു ഗവർ​ണർ ആരിഫ് മു​ഹമ്മദ് ഖാന്റെ പ​ത്നി രേഷ്മ ആ​രി​ഫ്. കേ​ര​ളത്തിൽ എ​ത്തിയത് ഓ​ണ​ക്കാ​ല​ത്താ​യ​തു കൊ​ണ്ടുത​ന്നെ ഇ​നി​യും ഇതു​പോലെ ഓ​ണ​പ്പ​രി​പാ​ടി​കളിൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും ഗ​വർ​ണ​റു​ടെ പ​ത്നി പ്ര​ക​ടി​പ്പി​ച്ചു. ടൂ​റി​സം വ​കു​പ്പിന്റെ ഓ​ണം വാരാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധിച്ച് സെന്റ് ജോ​സ​ഫ്‌സ് ഹയർ സെക്കൻഡറി സ്​കൂളിൽ സം​ഘ​ടി​പ്പി​ച്ച അത്തപ്പൂക്ക​ള മ​ത്സ​രം ഉ​ദ്​ഘാട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രുന്നു അ​വർ. രേഷ്മ ആ​രി​ഫും മുഖ്യമ​ന്ത്രി പിണറായി വിജയന്റെ പത്നി ക​മ​ലയും മ​ന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ​ത്നി സ​ലേ​ഖയും ചേർ​ന്നാ​ണ് മത്സ​രം ഉ​ദ്​ഘാട​നം ചെ​യ്​തത്. മൂ​വരും സ​ദ​സ്യർക്ക് ഓ​ണാ​ശം​സ നേർ​ന്നു. ഗവർണറുടെ പത്നിയുടെ ആദ്യത്തെ പൊതുചടങ്ങായിരുന്നു ഇത്. സെ​റ്റ് സാ​രി​യ​ണി​ഞ്ഞ് എത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ചെ​ണ്ട​മേ​ള​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. ഉ​ദ്​ഘാടന​ച്ച​ട​ങ്ങ് ക​ഴി​ഞ്ഞ​തോ​ടെ അ​തി​ഥി​കൾ​ക്ക് പാ​യ​സ​വു​മാ​യി സം​ഘാട​കർ എ​ത്തി. കേ​ര​ള​ത്തി​ന്റെ സ്വ​ന്തം അട​പ്പാ​യസ​ത്തി​ന്റെ രു​ചി​യെ​ക്കു​റി​ച്ചും ഗ​വർ​ണ​റു​ടെ പ​ത്നിക്ക് നല്ല അ​ഭി​പ്രായം. കേ​ര​ള​ത്തിലെ ഓണാ​ഘോ​ഷത്തിൽ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന രേഷ്​മ ആ​രി​ഫ് മ​ത്സ​രാർ​ത്ഥി​കൾ പൂ​ക്ക​ള​മി​ടു​ന്ന​ത് കൗ​തു​ക​ത്തോ​ടെ നോ​ക്കി​ക്കാ​ണു​കയും കുശ​ലം ചോ​ദി​ക്കു​കയും ചെ​യ്​തു. ആ സമ​യം മന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും അ​ങ്ങോ​ട്ടെ​ത്തി. പ​ര​സ്പ​രം തൊ​ഴു​ത് കേ​ര​ള​ത്തിലെ ഓ​ണാ​ഘോ​ഷം എ​ങ്ങ​നെ​യു​ണ്ടെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ഗം​ഭീ​ര​മാണ്, വലി​യ സ​ന്തോ​ഷം, ഇ​നിയും കൂ​ടു​തൽ ഓണപ്പരിപാടികൾ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം അ​വർ മ​ന്ത്രി​യോ​ട് പ​ങ്കു​വച്ചു. ന​ഗ​രത്തിൽ ന​ട​ക്കു​ന്ന ടൂ​റി​സം വ​കു​പ്പിന്റെ ഓണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കാണാൻ മന്ത്രി ക്ഷ​ണി​ച്ചു. തീർ​ച്ച​യായും പ​ങ്കെ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു രാജ്ഭവനിലേക്കുള്ള ഗവർണറുടെ പത്നിയുടെ മ​ടക്കം.

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സ്‌കൂൾ ആ​ഡി​റ്റോ​റി​യത്തിൽ ന​ട​ന്ന പൂ​ക്ക​ള മ​ത്സ​രത്തിൽ മു​പ്പ​തോ​ളം ടീ​മു​കൾ പ​ങ്കെ​ടു​ത്തു. മാ​ദ്ധ്യ​മ​ങ്ങൾക്കും പൊ​തു വി​ഭാ​ഗ​ത്തി​നു​മാ​യി വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.