ജില്ലയിൽ ഇന്ന് രണ്ട് മരണം ആകെ മരണം ആറായി
ആലപ്പുഴ: മഴയ്ക്ക് നേരിയശമനമുണ്ടായെങ്കിലും ജില്ലയുടെ കാലവർഷക്കെടുതിക്ക് അയവില്ല. ഇന്നലെ രണ്ട് പേരുടെ ജീവനാണ് നഷ്ടമായത്. ഇതോടെ കാലവർഷക്കെടുതിയിൽ ജില്ലയിൽ മരിച്ചവരുടെ എണ്ണം ആറായി. ഭരണിക്കാവിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കർഷകൻ വെള്ളത്തിൽ വീണ് മരിച്ചു. ഭരണിക്കാവ് കട്ടച്ചിറ വാർഡിൽ ചക്കാലത്ത് കിഴക്കതിൽ പത്മകുമാറാണ് (66) മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വീടിന് സമീപമുള്ള തോട്ടിലാണ് വീണത്. സ്ഥലത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ ആരും അറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. വള്ളികുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: രമ.
ഹരിപ്പാട് നെടുന്തറ ചാക്കാട്ട് കിഴക്കതിൽ സ്റ്റീവ് (23) കൂട്ടുകാരുമൊത്ത് പാടത്ത് വലയിടാൻ പോകവേ ഫൈർ വള്ളം മറിഞ്ഞാണ് മരിച്ചത്. കുരീത്തറ കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് പാടത്ത് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി ചൂണ്ടയിടുന്നതിനിടെ കായലിൽ വീണ് കാണാതായ മുഹമ്മ കായിപ്പുറം സ്വദേശി രഞ്ജിത്തിനായി തിരച്ചിൽ തുടർന്നെങ്കിലും ഇന്നലെയും കണ്ടെത്താനായില്ല. വൈകിട്ട് ആറ് മണിയോടെ തിരച്ചിൽ നിർത്തി. ജില്ലയിൽ നാൽപ്പതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി മൂവായിരത്തോളം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.