ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം അടങ്ങാതെ കിഴക്കൻ വെള്ളം

Sunday 01 June 2025 1:20 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നു. ഇടറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നലെ ആദ്യം യെല്ലോ അലർട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ച് ഓറഞ്ച് അലർട്ടാക്കി.

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്ന് മഴ ശക്തമായാൽ ജലനിരപ്പ് ഇനിയും ഉയരും. ഇവിടെ ഇന്നലെ ഓറഞ്ച് അലർട്ടായിരുന്നതിനാൽ 24 മണിക്കൂറിനുള്ളിൽ കിഴക്കൻ വെള്ളം ഒഴുകിയെത്തും. അപ്പർകുട്ടനാട്, കുട്ടനാട് മേഖലകളിൽ ഇന്നലെ റോഡിൽ വെള്ളം കയറിയതോടെ വിവിധ മേഖലകളിൽ ഗതാഗതം തടസപ്പെട്ടു. വിവിധ കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തി. ആലപ്പുഴയിൽ ഇന്ന് ഗ്രീൻ ആലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രളയഭീതിയിൽ കുട്ടനാട്

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുട്ടനാടൻ മേഖലകളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീതിയിലാണ് ജനങ്ങൾ.വീട് വിട്ടുപോകാതെ പിടിച്ചു നിന്നവർ പലരും ഇന്നലെ ബന്ധുവീടുകളിലേക്ക് മടങ്ങി.എ.സി കനാൽ കരകവിഞ്ഞതോടെ തീരത്തെ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. ഇവിടെ ഒഴുക്കും ശക്തമാണ്. കുട്ടനാട്ടിൽ മാമ്പുഴക്കരി, മിത്രക്കരി, എടത്വ, നെടുമുടി, മങ്കൊമ്പ്, പുളിങ്കുന്ന്, ചമ്പക്കുളം ഭാഗങ്ങളിൽ ക്രമാതീതമായി വെള്ളം ഉയർന്നു. എ.സി റോഡിൽ കിടങ്ങറ ഭാഗത്തും വെള്ളക്കെട്ടുണ്ട്.

തുടരുന്ന അപകടങ്ങൾ

കാലവർഷം ശക്തമായതോടെ വെള്ളത്തിൽ വീണുള്ള അപകടങ്ങളും വർദ്ധിച്ചു. ഇതുവരെ നാലുപേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. കാറ്റത്ത് കട മറിഞ്ഞുവീണ് വിദ്യാർത്ഥിയും മരിച്ചിരുന്നു. ചൂണ്ടയിടാൻ പോകുന്നവരാണ് അപകടത്തിൽപ്പെടുന്നവരേറയെന്ന് ഫയർഫോഴ്സ് പറഞ്ഞു. യാതൊരു മുൻകരുതലുമില്ലാതെയാണ് പലരും ചൂണ്ടയിടാൻ എത്തുന്നത്. അപകടത്തിൽപ്പട്ടവർക്ക് നീന്തലും അറിയില്ല. പാടത്ത് ചൂണ്ടയിടാൻ പോകുന്നവരും ശ്രദ്ധിക്കണം. വെള്ളത്തിലെ പായലിൽ കാൽകുരുങ്ങിയുള്ള അപകടങ്ങൾ മുമ്പ് ഉണ്ടായിട്ടുള്ളതിനാൽ അതീവ ജാഗ്രത വേണം. കുട്ടനാടൻ മേഖലയിൽ കുട്ടികൾ തമ്മിൽ നീന്തൽ മത്സരം ഇപ്പോൾ സജീവമാണ്. അടിയൊഴുക്ക് രൂക്ഷമായതിനാൽ കുട്ടികൾ ഇത്തരം കാര്യങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

കാലവർഷക്കെടുതിയിൽ അപകടങ്ങളുണ്ടായാൽ കനിവ് 108 ആംബുലൻസിന്റെ ടോൾഫ്രീ നമ്പറായ 108ൽ ബന്ധപ്പെടാം. 24 മണിക്കൂറും വൈദ്യസഹായം സജ്ജമാണ്.

ഇന്നലെ രാത്രിയോടെ വിവിധ മേഖലകളിൽ വീടുകളിൽ വെള്ളം കയറിയതോടെ ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ ക്യാമ്പുകളിലായി 1570 പുരുഷന്മാരും 1561 സ്ത്രീകളും 561 കുട്ടികളുമാണുള്ളത്.

കൂടുതൽ ക്യാമ്പുകൾ

ദുരിതാശ്വാസ ക്യാമ്പുകൾ: 39 (1053 കുടുംബങ്ങൾ)

കഞ്ഞിവീഴ്ത്തൽ കേന്ദ്രം: 11 (882 പേർ, 216 കുടുംബം)

പൂർണമായും തകർന്ന വീടുകൾ: 15

ഭാഗികമാിയി തകർന്ന വീട്: 662

മരണം: 4