ആഗോള ബ്രാൻഡായി ചന്ദ്രേട്ടന്റെ ക്ഷൗരക്കത്തി
പാപ്പിനിശ്ശേരി(കണ്ണൂർ): ആഗോള ബ്രാൻഡായി പാപ്പിനിശ്ശേരി ചന്ദ്രേട്ടന്റെ 'ബാർബേർസ് റേസർ' അഥവാ ക്ഷൗരക്കത്തി! സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച ഇരുവശവും കവർ ചെയ്ത, ഉള്ളിൽ ബ്ലേഡ് വച്ച് ഷേവ് ചെയ്യാൻ കഴിയുന്ന 'ചന്ദ്രാ റേസർ' ദുബായിലും മലേഷ്യയിലും സിംഗപ്പൂരിലുമടക്കമുള്ള വിപണിയിലുമെത്തി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബാർബർ ഷോപ്പുകളുടേയും ഇഷ്ടബ്രാൻഡ്. മുഖത്ത് ചോരപൊടിയാതെ മിനുമിനുസമായി ഷേവ്ചെയ്യാനാകും എന്നതാണ് പ്രത്യേകത.
ഏഴു പതിറ്റാണ്ട് മുമ്പ് മവ്വൂർ ചന്ദ്രൻ എന്ന ചന്ദ്രേട്ടന്റെ അച്ഛൻ കുഞ്ഞിക്കണ്ണൻ പാപ്പിനിശ്ശേരിയിൽ തുടങ്ങിയ കത്രിക, ക്ഷൗരക്കത്തി നിർമ്മാണ കമ്പനിയിൽ നിന്നാണ് ഇപ്പോഴത്തെ ചന്ദ്രാ റേസറിന്റെ പിറവി. അന്നേ പ്രശസ്തമായിരുന്നു ഇവരുടെ കത്തിയും കത്രികയും.
കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും ബാർബർ ഷോപ്പുകളിൽ ബ്ലേഡ് വച്ച് ഉപയോഗിക്കുന്ന കത്തികൾ വ്യാപകമാക്കിയതിന് പിന്നിൽ ചന്ദ്രന് വലിയ പങ്കുണ്ട്. ഷേവ് ചെയ്യുമ്പോൾ മുഖത്ത് മുറിവോ പാടോ വരുത്താത്ത കത്തികൾ എങ്ങനെ നിർമ്മിക്കാം എന്ന പരീക്ഷണത്തിൽ നിന്നാണ് ചന്ദ്രാ റേസർ പിറന്നത്. പാപ്പിനിശേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്താണ് ചന്ദ്രന്റെ പണിശാല.
ജർമ്മൻ മോഡലിൽ
പരീക്ഷണം
ജർമ്മൻ നിർമ്മിത കത്തികളിലൊന്ന് ആരോ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുവന്നതിൽ നിന്നാണ് പരീക്ഷണത്തിന്റെ തുടക്കം. സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിനകത്ത് ബ്ലേഡ് വച്ച് ഉപയോഗിക്കാവുന്ന അതിന് സമാനമായി ബ്ലേഡ് പുറത്തു കാണാതെ രണ്ടു ഭാഗവും കവർ ചെയ്യുന്ന രൂപത്തിൽ പുതിയത് രൂപപ്പെടുത്തി. അത് ഹിറ്രായി.
വില 2,800 രൂപ
ഒരു ചന്ദ്രാ റേസറിന് വില 2,800 രൂപ. ഏറെ സൂക്ഷ്മത വേണ്ടതിനാൽ ഒരു മാസം 10-15 എണ്ണം മാത്രമാണ് നിർമ്മിക്കുന്നത്. മൂന്നു സെറ്റ് ഗ്രൈന്റിംഗ് മെഷീൻ ഉപയോഗിച്ചാണ് നിർമ്മാണം. ഒരു സഹായി മാത്രമാണുള്ളത്.
''കേരളത്തിൽ ഇതുപോലുള്ള മറ്റു സ്ഥാപനങ്ങളില്ല. മെറ്റീരിയൽ കോസ്റ്റിനനുസരിച്ച് വിലയും കൂടും
-മവ്വൂർ ചന്ദ്രൻ