വിള്ളൽ മറയ്ക്കാൻ ആദ്യം ടാർ; ഇപ്പോൾ പ്ളാസ്റ്റിക് ഷീറ്റ് ദേശീയപാതയിൽ 'മേഘ"യുടെ പൊടിക്കൈ
കണ്ണൂർ: ദേശീയപാതയിലുണ്ടായ വിള്ളലുകൾ കണ്ണിൽപെടാതിരിക്കാൻ പൊടിക്കൈയുമായി നിർമ്മാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസ്. പിലാത്തറ ദേശീയ പാതയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വിള്ളലുകൾ മറയ്ക്കാനാണ് കമ്പനി അധികൃതർ പൊടിക്കൈയുമായി ഇറങ്ങിയത്.
വിള്ളൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സിമന്റും പശയും ഒഴിച്ച് വിള്ളലുകൾ മറക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. വീണ്ടും വിള്ളലുകൾ രൂപപ്പെട്ടപ്പോൾ ടാർ ഉരുക്കി ഒഴിച്ച് അടക്കാനും ശ്രമിച്ചു.ഇതിന് ശേഷമാണ് വിള്ളലുകളിലേക്ക് വെള്ളം ഇറങ്ങാതിരിക്കാൻ പ്ളാസ്റ്റിക് ഷീറ്റിട്ടത്. കാറ്റിൽ ഷീറ്റ് മാറിയപ്പോഴാണ് വിള്ളലും ടാർ ഒഴിച്ച് അടച്ചതും ശ്രദ്ധയിൽപെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ വെള്ളം ഇറങ്ങി കൂടുതൽ ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാനാണ് പ്ളാസ്റ്റിക് ഷീറ്റിട്ടത് എന്നാണ് കമ്പനിയുടെ വാദം.
ഗുരുതര പ്രശ്നമല്ലെന്ന് കമ്പനി
വിശ്വസിക്കാതെ ജനം
വിള്ളലുണ്ടായത് ഗൗരവമായ പ്രശ്നമല്ലെന്ന് പറഞ്ഞ കരാർ കമ്പനി ഈ വിധത്തിൽ മറച്ചുവെക്കാൻ ശ്രമിച്ചത് സംബന്ധിച്ചും വിവാദം ഉയരുന്നുണ്ട്. പ്രശ്നത്തിന്റെ ഗൗരവസ്ഥിതി മറക്കാനാണോ ഇതെന്ന ആശങ്കയിലാണ് നാട്ടുകാർ. പിലാത്തറ മുതൽ പരിയാരം വരെയുള്ള ബൗണ്ടറി വാളുകളിൽ വിരവധി വിള്ളലുകൾ രൂപപ്പെട്ടിട്ടുമുണ്ട്. നിർമ്മാണത്തിലിരിക്കുന്ന റോഡിൽ അടിക്കടിയാണ് വിള്ളലുകൾ ഉണ്ടാകുന്നത്. ഇതിന് താഴെയുള്ള സർവ്വീസ് റോഡിലൂടെ നടക്കാൻ പോലും ഭയമാണെന്നാണ് നാട്ടുകാർ പറയുന്നത്.