വെള്ളപ്പൊക്ക കാലത്ത് കുട്ടനാടിന് ആശ്രയം ജലഗതാഗത വകുപ്പ്

Sunday 01 June 2025 1:37 AM IST

കു​ട്ട​നാ​ട് : നിർ​ത്താ​തെ കോ​രി​ച്ചൊ​രി​യു​ന്ന പേ​മാ​രി​യിൽ കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന റോ​ഡു​കൾ​ക്ക് പു​റ​മെ വ​ലു​തും ചെ​റു​തു​മാ​യ ​റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ടു നി​റ​യു​കയും കര​മാർ​ഗ​മു​ള്ള യാ​ത്ര ഏ​റെ​ക്കു​റെ നി​ല​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ ഒ​രി​ക്കൽ കൂ​ടി ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് കു​ട്ട​നാ​ടൻ ജ​ന​ത​യു​ടെ പ്ര​ധാ​ന ആ​ശ്ര​യമാ​കു​ന്നു.

ആ​ല​പ്പു​ഴയിൽ നി​ന്ന് കു​ട്ട​മം​ഗ​ലം,കൈ​ന​ക​രി വ​ഴി നെ​ടു​മു​ടി​യി​ലേ​ക്കും അ​വി​ടെ നി​ന്ന് തി​രി​ച്ചും ന​ട​ത്തു​ന്ന സർ​വ്വീ​സു​കൾ​ക്ക് പു​റ​മെ പു​ളി​ങ്കു​ന്ന് സ​ബ് സ്റ്റേ​ഷ​നിൽ നി​ന്നും കി​ട​ങ്ങ​റ​യി​ലേ​ക്കും രാ​മ​ങ്ക​രി​യി​ലേ​ക്കും കൂ​ടാ​തെ കോ​ട്ട​യ​ത്തേ​ക്കും ന​ട​ത്തി​വ​രു​ന്ന ട്രി​പ്പു​ക​ളാ​ണ് വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് കു​ട്ട​നാ​ടൻ ജ​ന​ത​യു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യി മാ​റി​യത്.

കാ​ല​വർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ പു​ഞ്ച​ക്കൊ​യ്ത്ത് ക​ഴി​ഞ്ഞ് ത​രി​ശി​ട്ട പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യെ​ല്ലാം ബ​ണ്ട് ക​ര​ക​വി​ഞ്ഞ് വെ​ള്ളം ഒ​ഴു​കു​ക​യും വ​ലു​തും ചെ​റു​തു​മാ​യ ഇ​ട​റോ​ഡു​ക​ളി​ലെ​ല്ലാം മു​ട്ടി​നും മേ​ലെ വെ​ള്ളം നി​റ​യു​ക​യും ചെ​യ്ത​തോ​ടെ ക​ര​മാർ​ഗ്ഗ​മു​ള്ള​യാ​ത്ര വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി മാ​റി. തു​ടർ​ന്ന് കെ എ​സ് ആർ ടി സി ത​ന്നെ ചില സർ​വ്വീ​സു​ക​ൾ നിറുത്തി​വയ്ക്കുകയും ചെയ്തു.

നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തിൽ നി​ന്ന് ര​ക്ഷ​തേ​ടി ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വർ​ക്ക് പു​റമേ, അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളിൽ സ​ഹാ​യം നൽ​കാൻ ചു​മ​ത​ല​പ്പെ​ട്ട പൊ​ലീ​സ്, ഫ​യർ​ഫോ​ഴ്സ്, ഇ​ല​ക്ട്രി​സി​റ്റി, ആ​ശു​പ​ത്രി ജീ​വ​ന​ക്കാർ​ക്ക് കു​ട്ട​നാ​ട്ടി​ലെ ഉൾ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഓ​ഫീ​സു​ക​ളിൽ വെ​ള്ള​പ്പൊ​ക്ക​ത്തേ​യും മ​റി​ക​ട​ന്ന് ജോ​ലി​ക്ക് എ​ത്തി​ച്ചേ​രാ​നും വൈ​കി​ട്ട് തി​രി​കെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നും സാ​ധി​ക്കു​ന്ന​തിൽ ബോട്ട് സർ​വ്വീ​സു​കൾ വ​ലി​യൊ​രു സഹായമാണ്.