108 സുന്ദരിമാരെ പിന്നിലാക്കി; തായ്‌ലാന്‍ഡിന്റെ ഒപാല്‍ സുചാത ഇനി ലോകസുന്ദരി

Saturday 31 May 2025 10:40 PM IST

ഹൈദരാബാദ്: ലോകസുന്ദരി പട്ടം കരസ്ഥമാക്കി തായ്‌ലാന്‍ഡിന്റെ ഒപാല്‍ സുചാത ചുങ്സ്രി. മത്സരത്തില്‍ പങ്കെടുത്ത 108 സുന്ദരിമാരെ പിന്തള്ളിയാണ് സുചാത ലോകസുന്ദരിയുടെ കിരീടം ചൂടിയത്. മിസ് എത്യോപ്യ രണ്ടാംസ്ഥാനവും മിസ് പോളണ്ട് മൂന്നാംസ്ഥാനവും മിസ് മാര്‍ട്ടനി നാലാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യക്കാരിയായ നന്ദിനി ഗുപ്തയ്ക്ക് ആദ്യ എട്ട് സ്ഥാനങ്ങളില്‍ എത്താനായില്ല. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ഥിയും മോഡലുമാണ് സുചാത.

കഴിഞ്ഞ വര്‍ഷം ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ക്രിസ്റ്റിന പിസ്‌കോവ, സുചാതയെ കിരീടം അണിയിച്ചു. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് വൈകുന്നേരം ആറരയോടെയാണ് എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോകസുന്ദരി മത്സരം ഇന്ത്യയില്‍ നടക്കുന്നത്.

മുന്‍ ലോകസുന്ദരി മാനുഷി ഛില്ലര്‍, നടന്‍ റാണ ദഗുബാട്ടി, നടി നമ്രത ശിരോദ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഇഷാന്‍ ഖട്ടര്‍ എന്നിവരുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു. മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരില്‍ നിന്ന് യോഗ്യത നേടിയ നാല്‍പതു പേരാണ് അവസാനഘട്ടത്തില്‍ മാറ്റുരച്ചത്.