വലിയ ശാസ്ത്രീയ പദം അദ്വൈതം

Sunday 01 June 2025 12:00 AM IST

തൃശൂർ: ഏറ്റവും വലിയ ശാസ്ത്രീയ പദം അദ്വൈതമാണെന്നും അത് മതപരമായ ഒന്നല്ലെന്നും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ശങ്കര പദ്മം പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ആരാണ് എന്ന ചോദ്യത്തിൽ നിന്നാണ് ഈശ്വരൻ ഉണ്ടായത്. ഞാൻ ആരാണ് എന്ന് ചോദിച്ച ഏക ജീവിയാണ് മനുഷ്യൻ. അതിന് അവൻ കണ്ടെത്തിയ ഉത്തരമാണ് ഈശ്വരൻ. സനാതന ധർമ്മമെന്നത് ശാസ്ത്രമാണ്. ബ്രഹ്മം സത്താണ്. നാശമില്ലാത്തത് ബ്രഹ്മമാണ്. എത്രമാത്രം ശാസ്ത്രീയമായ ദർശനത്തിലൂടെയാണ് നമ്മുടെ ആദ്ധ്യാത്മിക പരമ്പര വളർന്ന് വന്നതെന്ന് നാം ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി 10,001 രൂപയും മംഗള പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചു. സ്വാമി നന്ദാത്മജാനന്ദ അദ്ധ്യക്ഷത വഹിച്ചു.