കഠിനംകുളം തട്ടിപ്പ്:ഒരാൾ കൂടി പിടിയിൽ
Sunday 01 June 2025 3:38 AM IST
കഴക്കൂട്ടം: യുവാവിനെ കഴക്കൂട്ടത്ത് വിളിച്ചുവരുത്തി ഔഡി കാറും സ്വർണാഭരണവും മൊബൈലുകളും തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി കഴക്കൂട്ടം പൊലീസിന്റെ പിടിയിലായി. തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ തായവള്ളിയിൽ ഹൗസിൽ ജയകൃഷ്ണൻ (25) ആണ് പിടിയിലായത്. പ്രതി ടെക്നോപാർക്കിൻ ത്രീഡി ആനിമേഷൻ കോഴ്സ് പഠിക്കുകയാണ്. നേരത്തെ ആറോളം പേർ അറസ്റ്റിലായിരുന്നു. ഒരാഴ്ച മുമ്പാണ് കാട്ടാക്കട മാറനല്ലൂർ രാജ്ഭവനിൽ അനുരാജിനെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെക്കൊണ്ട് വിളിച്ചുവരുത്തി ആക്രമിച്ച ശേഷം കാറും സ്വർണവും ഫോണും തട്ടിയെടുത്തത്. സംഭവത്തിൽ 10 പേർക്കെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുള്ളത്.