ഭാര്യയെ ജോലിസ്ഥലത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവിന് തടവും പിഴയും

Sunday 01 June 2025 12:39 AM IST

കോഴിക്കോട്: ഭർത്താവിന്റെ ക്രൂരത കാരണം രണ്ടു മക്കളോടൊപ്പം മാറി താമസിച്ച ഭാര്യയെ ജോലിസ്ഥലത്ത് എത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ ഭർത്താവിന് തടവും പിഴയും. കൊയിലാണ്ടി ചേലിയ കുനിയിൽ രാജേഷിനാണ്

വിവിധ വകുപ്പുകളിലായി അഞ്ച് വർഷവും നാല് മാസവും തടവും 22,000 രൂപ പിഴയും വിധിച്ചത്. കോഴിക്കോട് ഒന്നാം അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് കെ.വി.കൃഷ്ണൻകുട്ടിയാണ് ശിക്ഷ വിധിച്ചത്. 2019 മേയ് അഞ്ചിനു വൈകിട്ട് ഭാര്യ

ജിതിന നടത്തുന്ന റേഷൻകടയിൽ വന്ന് ചെലവിന് പണം നൽകാത്തതിനുള്ള വിരോധം വച്ച് അസഭ്യം വിളിച്ച് ഇരുമ്പിന്റെ മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്കും കൈയ്ക്കും കഴുത്തിലും പരിക്കേൽപ്പിച്ചെന്നാണ് കേസ്. കൊയിലാണ്ടി എസ്.ഐ. ആയിരുന്ന പി.ഉണ്ണികൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.കെ ബിജു റോഷൻ ഹാജരായി.