പാകിസ്ഥാന് വിവരങ്ങൾ ചോർത്തി: ഒരാൾ അറസ്റ്റിൽ
മുംബയ്: പാകിസ്താന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് താനെയിലെ എൻജിനിയർ പിടിയിൽ. മഹാരാഷ്ട്ര പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡാണ് (എ.ടി.എസ്)അറസ്റ്റ് ചെയ്‌തത്. പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എൻജിനിയറായ രവീന്ദ്ര വർമയാണ് അറസ്റ്റിലായത്. യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ, സ്കെച്ചുകൾ, ഡയഗ്രമുകൾ, ഓഡിയോകൾ എന്നിവയിലൂടെ പാകിസ്ഥാന് കൈമാറുകയായിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ വഴി ഇയാൾ പണം സ്വീകരിച്ചതായും പൊലീസ് പറയുന്നു.
ഫേസ്ബുക്ക് വഴി സ്ത്രീയെന്ന വ്യാജേനയാണ് പാക് ഏജന്റ് രവീന്ദ്രയെ പരിചയപ്പെട്ട് വിവരങ്ങൾ ശേഖരിച്ചത്. തന്റെ ജോലിയുടെ ഭാഗമായി ദക്ഷിണ മുംബയിലെ നേവൽ ഡോക്ക്‌യാർഡിലേക്ക് വരെ രവീന്ദ്രയ്ക്ക് പ്രവേശനമുണ്ടായിരുന്നു. അതിനാൽ യുദ്ധ കപ്പലുകളുടെയും അന്തർവാഹിനികളുടെയും വിവരങ്ങൾ അയാൾ കൈമാറുകയായിരുന്നെന്നും 2024 മുതൽ രാവീന്ദ്ര പാകിസ്താന് വേണ്ടി ചാരപ്രവർത്തി നടത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബംഗാൾ, അസാം തുടങ്ങി എട്ട് സംസ്ഥാനങ്ങളിൽ പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കേസിൽ പരിശോധന നടന്നു.