അനിൽ മാളയ്ക്ക് പുരസ്‌കാരം
Sunday 01 June 2025 12:07 AM IST
മാള : കേരള സംഗീത നാടക അക്കാഡമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകൻ അനിൽ മാളക്ക്. നാലാം തവണയാണ് അനിൽ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരത്തിന് അർഹനാകുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നാടകരംഗത്ത് സജീവമായ അനിൽ, രാജേഷ് ഇരുളം, ഹേമന്ത്കുമാർ, മനോജ് നാരായണൻ തുടങ്ങിയ പ്രമുഖരുടെ നാടകങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. നാടക ഗാനങ്ങൾക്ക് സിനിമാസംഗീതത്തിന്റെ നവഭാവം നൽകുന്നതിൽ അനിലിന്റെ പ്രതിഭ ശ്രദ്ധേയമാണ്. തൃപ്പൂണിത്തറ ആർ.എൽ.വി.യിൽ നിന്ന് ഗാനഭൂഷണം പാസായ അനിൽ, ഗാനമേള ട്രൂപ്പുകളിലൂടെയും ഗൾഫ്, റഷ്യ എന്നിവിടങ്ങളിലെ പര്യടനങ്ങളിലൂടെയും ശ്രദ്ധനേടി. 'നൊണ' എന്ന സിനിമയിലൂടെ സിനിമാരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.