വാക്കിൽ ഉറയ്ക്കാതെ അൻവർ; വഴിയടച്ച് യു.ഡി.എഫ്

Sunday 01 June 2025 12:08 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാവിലെ പ്രഖ്യാപിച്ച പി.വി. അൻവർ വൈകിട്ട് വീണ്ടും നിലപാട് മാറ്റി. അതേസമയം, അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്നും രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചിലർ പണവുമായി എത്തുന്നുണ്ട്. അവരുടെ നിർദ്ദേശം ചർച്ച ചെയ്യും. മത്സരിക്കാൻ പണമില്ലെന്നും വി.ഡി.സതീശൻ നേതൃത്വം നൽകുന്ന യു.ഡി.എഫിലേക്ക് ഇല്ലെന്നുമാണ് ഇന്നലെ രാവിലെ പറഞ്ഞത്.

മത്സരിക്കാൻ കോടികൾ വേണം. കോടികൾ വരുമാനമുണ്ടായിരുന്ന താൻ സാമ്പത്തികമായി തകർന്നു. ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിനാലാണ് ഈ അവസ്ഥ ഉണ്ടായതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജ് പിണറായിയുടെ വക്താവാണെന്ന് വിമർശിച്ചു. പിണറായിസത്തെ എതിർത്ത് മുന്നോട്ടുപോകും. പ്രതിപക്ഷ നേതാവാണ് യു.ഡി.എഫിലേക്കുള്ള തന്റെ പ്രവേശനത്തിന് വഴിമുടക്കുന്നതെന്നും വി.ഡി. സതീശന് പിന്നിൽ ഒരു ലോബിയുണ്ടെന്നും ആവർത്തിച്ചു. അഹങ്കാരത്തിന് കൈയും കാലും വച്ച നേതാവാണ് സതീശനെന്നും ആരോപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ അംഗീകരിച്ചാൽ തൃണമൂലിനെ അസോസിയേറ്റഡ് ഘടകകക്ഷിയാക്കാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് യോഗം നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെ തൃണമൂൽ നേതാക്കളുമായി കൂടിയാലോചന നടത്തിയ അൻവർ മത്സരിക്കാനില്ലെന്ന നയം പ്രഖ്യാപിച്ചു. എന്നാൽ വൈകിട്ടോടെ നിലപാട് മാറ്റുകയായിരുന്നു.

അൻവറിനെ അവഗണിക്കും

യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യം അൻവർ അംഗീകരിച്ചിട്ടില്ല. ഇനി ചർച്ച നടത്തുന്നത് അർത്ഥരഹിതമാണെന്ന അഭിപ്രായത്തിനാണ് യു.ഡ‌ി.എഫിൽ മുൻതൂക്കം. ഇങ്ങോട്ടേക്ക് ചർച്ചയ്ക്ക് വന്നാൽ മാത്രം തുടർനടപടി എന്ന നിലപാട് യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി അനാവശ്യ വിവാദങ്ങൾക്ക് വഴികൊടുക്കേണ്ട. അവഗണിക്കണമെന്നാണ് കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി നേരിട്ട് പലതവണ നടത്തിയ സമവായ ചർച്ചകളിൽ അൻവർ പുലർത്തിയ കർക്കശ നിലപാടിൽ ലീഗിനും അതൃപ്തിയുണ്ട്.

തോൽക്കുന്ന സീറ്റ് ചോദിച്ചിട്ടും

തന്നില്ല: അൻവർ

നിലമ്പൂ‌‌‌ർ: കോൺഗ്രസ് തോൽക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങൾ ചോദിച്ചിട്ടും തന്നില്ലെന്ന് പി.വി. അൻവർ പറഞ്ഞു. മലമ്പുഴ സീറ്റ് തൃണമൂൽ കോൺഗ്രസ് ഏറ്റെടുക്കാമെന്ന് യു.ഡി.എഫിനോട് പറഞ്ഞിരുന്നു. യു.ഡി.എഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റാണ് പിന്നീട് ആവശ്യപ്പെട്ടത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോസിയേറ്റ് പദവി മതിയെന്നും പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിന്റെ മനസിലുള്ളത് അറിയാനാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ബേപ്പൂരിൽ മത്സരിച്ചു കൂടെ എന്ന് ചില യു.ഡി.എഫ് നേതാക്കൾ ചോദിച്ചു. തന്നെ കൊന്നു കൊലവിളിക്കാനാണ് തീരുമാനം. ഒറ്റ വ്യക്തിയാണ് ഇതിന് പിന്നിൽ. യു.ഡി.എഫിലെ മറ്റ് നേതാക്കൾക്കൊന്നും തന്നോട് എതിർപ്പില്ല. ഇനിയൊരു യു.ഡി.എഫ് നേതാവും തന്നെ കാണേണ്ടതില്ല. സതീശന്റെ വാശിക്ക് യു.ഡി.എഫ് വലിയ വില നൽകേണ്ടി വരും. യു.ഡി.എഫിലെ ചിലർ തനിക്കെതിരെ പ്രവർത്തിച്ചെന്നും അൻവർ ആരോപിച്ചു.