ആണവ ഭീഷണിക്ക് വഴങ്ങില്ല: തിരിച്ചടിക്കുമെന്ന് ജയശങ്കർ
ഗാന്ധിനഗർ: പാകിസ്ഥാന്റെ ആണവഭീഷണിക്ക് മുമ്പിൽ ഭാരതം വഴങ്ങില്ലെന്നും ഭീകരതയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പഹൽഗാം ഭീകരാക്രമണം ജമ്മു കാശ്മീരിന്റെ വിനോദ സഞ്ചാര മേഖലയെ തകർക്കാനും വർഗീയ സംഘർഷമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും പറഞ്ഞു. ഗുജറാത്തിലെ വഡോദരയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭീകരതയെ സ്‌പോൺസർ ചെയ്യുകയും അവരുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നവർ വലിയ വില നൽകേണ്ടിവരുമെന്ന് ജയശങ്കർ പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ പ്രതിരോധത്തെ, അവകാശത്തെ ലോകരാജ്യങ്ങൾ അംഗീകരിച്ചു.
ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ ഇനി ഇന്ത്യൻ പ്രതിരോധന സേനയുടെ നിരീക്ഷണത്തിലായിരിക്കും. ആണവഭീഷണി പോലും വച്ചുപൊറുപ്പിക്കില്ല. 2008ൽ മുംബയിൽ നടന്ന ആക്രമണത്തിന് ശേഷവും ഇന്ത്യ തിരിച്ചടിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തതാണ്. ഇന്ന് കാലം മാറി, നമ്മുടെ ദൃഢനിശ്ചയം വളരെ ശക്തമാണ്- ജയശങ്കർ പറഞ്ഞു.