സ്വരാജെത്തി, അലതല്ലി ആവേശം

Sunday 01 June 2025 12:26 AM IST

നിലമ്പൂർ: സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് ശേഷം നിലമ്പൂരിലെത്തിയ എം.സ്വരാജിന് ഉജ്ജ്വല സ്വീകരണം. സ്‌ത്രീകളടക്കം നിരവധി പ്രവർത്തകർ രാവിലെ മുതൽ തന്നെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാനെത്തിയിരുന്നു. രാവിലെ 11ഓടെ ട്രെയിനിറങ്ങിയ സ്ഥാനാർത്ഥിയെ ആവേശത്തോടെ പ്രവർത്തകർ വരവേറ്റു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്വരാജിനെ സ്വീകരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സ്വരാജിനെ നിലമ്പൂർ പാർട്ടി ഓഫീസിലേക്ക് നയിച്ചത്. വഴിയിലുടനീളം പടക്കം പൊട്ടിച്ചും പൂക്കളെറിഞ്ഞും പ്രവർത്തകർ ഉത്സവാന്തരീക്ഷം തീർത്തു. സ്വതന്ത്രന് പകരം സ്വന്തം സ്ഥാനാർത്ഥിയെ പാർട്ടി രംഗത്തിറക്കിയതിന്റെ ആവേശം പ്രവർത്തകരിൽ ദൃശ്യമായിരുന്നു. നിലമ്പൂർ പൊലീസ് സ്‌റ്റേഷന് മുന്നിൽ വാഹനത്തിൽ നിന്നിറങ്ങി മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം നടന്നാണ് നീങ്ങിയത്.