വെടിനിറുത്തൽ: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ
ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തലിനായി യു.എസ് നിർദ്ദേശിച്ച കരാർ അംഗീകരിച്ചില്ലെങ്കിൽ വേരോടെ ഇല്ലാതാക്കുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ. ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനുള്ള കരാറാണ് യു.എസ് നിർദ്ദേശിച്ചത്. കരാറിനെ ഇസ്രയേൽ അംഗീകരിച്ചു. കരാർ പരിശോധിച്ചു വരികയാണെന്നാണ് ഹമാസിന്റെ പ്രതികരണം.
വെടിനിറുത്തലിന്റെ ആദ്യ ആഴ്ചയിൽ ഹമാസ് 28 ഇസ്രയേലി ബന്ദികളെ വിട്ടുനൽകണമെന്നും, പകരമായി 1,236 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലിലെ ജയിലുകളിൽ നിന്ന് മോചിപ്പിക്കണമെന്നും കരാറിൽ പറയുന്നുണ്ട്. കരാറിലെത്തിയാൽ ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുമെന്ന് മദ്ധ്യസ്ഥ രാജ്യങ്ങളായ യു.എസ്, ഖത്തർ, ഈജിപ്റ്റ് തുടങ്ങിയവർ ഉറപ്പ് നൽകിയിട്ടുണ്ട്. അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 60 പേർ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ആകെ മരണം 54,380 കടന്നു.
ഗുരുതര സാഹചര്യം
ഗാസയിലെ മാനുഷിക സാഹചര്യങ്ങൾ അതീവ ഗുരുതരമാവുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എൻ). ഗാസയിലേക്ക് പ്രവേശിച്ച സഹായ ട്രക്കുകൾ ആയുധധാരികൾ തട്ടിയെടുക്കുന്നെന്നാണ് പരാതി. ഇന്നലെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി ഗാസയിലെ ബേക്കറികളിലെ വിതരണത്തിന് ധാന്യമാവുമായി ഡസൻ കണക്കിന് ട്രക്കുകൾ എത്തിയിരുന്നു. എന്നാൽ ട്രക്കുകളെ സായുധ സംഘങ്ങൾ തട്ടിയെടുത്തെന്നും വാഹനത്തിലുണ്ടായിരുന്ന വസ്തുക്കൾ പ്രദേശവാസികൾ കൊള്ളയടിച്ചെന്നും സഹായ സംഘടനകൾ പറയുന്നു.
പട്ടിണി രൂക്ഷമായ ഗാസയിൽ ജനങ്ങൾ ദുരിതത്തിലാണെന്നും അടിയന്തരമായി പ്രശ്ന പരിഹാരം കാണണമെന്നും യു.എൻ അടക്കം സംഘടനകൾ മുന്നറിയിപ്പ് നൽകി. നിലവിൽ പരിമിതമായ സഹായ ട്രക്കുകൾ മാത്രമാണ് ഗാസയിലേക്ക് ഇസ്രയേൽ കടത്തിവിടുന്നത്.
11 ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മേയ് പകുതിയോടെയാണ് ഭക്ഷണവും മരുന്നും മറ്റുമായി എത്തുന്ന സഹായ ട്രക്കുകളെ ഇസ്രയേൽ ഗാസയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയത്. ബന്ദികളുടെ മോചനത്തിൽ ഹമാസുമായി ധാരണയിലെത്താത്ത പശ്ചാത്തലത്തിലാണ് ഗാസയിലേക്കുള്ള സഹായ വിതരണം ഇസ്രയേൽ തടഞ്ഞത്.