വിമാനത്തിൽ നഗ്ന നൃത്തം, ജീവനക്കാരൻ അറസ്റ്റിൽ
ലണ്ടൻ: മയക്കുമരുന്നിന്റെ സ്വാധീനത്തിൽ വിമാനത്തിനുള്ളിൽ നഗ്നനായി നൃത്തം ചെയ്ത ബ്രിട്ടീഷ് ക്യാബിൻ ക്രൂ അംഗം അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച യു.എസിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് വന്ന ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ ബിസിനസ് ക്ലാസിലെ യാത്രക്കാർക്ക് ജീവനക്കാരൻ ഭക്ഷണം നൽകിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടോയ്‌ലറ്റിൽ നഗ്നനായി നൃത്തം ചെയ്യുന്ന നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. പരസ്പര ബന്ധമില്ലാതെയാണ് ഇയാൾ സംസാരിച്ചിരുന്നത്. വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ 37,000 അടി ഉയരത്തിൽ പറക്കവെയായിരുന്നു നാടകീയ രംഗങ്ങൾ. തുടർന്ന് ഇയാളെ വസ്ത്രം ധരിപ്പിച്ച് ഫസ്റ്റ് ക്ലാസ് ക്യാബിനിലേക്ക് മാറ്റിയെന്ന് മറ്റ് ജീവനക്കാർ പറയുന്നു. പത്തര മണിക്കൂറിന് ശേഷം വിമാനം ലണ്ടനിൽ ലാൻഡ് ചെയ്ത ഉടൻ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചെന്നും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്നും അധികൃതർ പറഞ്ഞു.