ഗർഭച്ഛിദ്ര ഗുളികയുടെ സ്രഷ്ടാവ് എറ്റിയേൻ എമിൽ ബൊലിയോ അന്തരിച്ചു

Sunday 01 June 2025 6:51 AM IST

പാരീസ് : ഗർഭച്ഛിദ്ര ഗുളികയുടെ സ്രഷ്ടാവെന്ന് അറിയപ്പെടുന്ന പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഡോ. എറ്റിയേൻ എമിൽ ബൊലിയോ (98)​ അന്തരിച്ചു. വെള്ളിയാഴ്ച പാരീസിലെ വസതിയിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആർ.യു-486 അഥവാ 'മിഫപ്രിസ്റ്റോൺ" ഗുളിക വികസിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ശസ്ത്രക്രിയയിലൂടെയുള്ള ഗർഭച്ഛിദ്രത്തിന് പകരം സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ബദൽ മാർഗം മിഫപ്രിസ്റ്റോണിലൂടെ ലഭിച്ചു. 1926 ഡിസംബർ 12ന് സ്ട്രാറ്റ്സ്ബർഗിലായിരുന്നു ബൊലിയോയുടെ ജനനം. വൈദ്യശാസ്ത്ര പഠനത്തിന് ശേഷം യു.എസിലെത്തിയ ബൊലിയോ, ഗർഭനിരോധന ഗുളികകളുടെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. ഗ്രിഗറി പിൻകസുമായി ചേർന്ന് പ്രവർത്തിച്ചു. ഫ്രാൻസിൽ തിരിച്ചെത്തിയ ബൊലിയോ സ്ത്രീകളിലെ പ്രൊജസ്റ്ററോൺ ഹോർമോണിന്റെ പ്രഭാവം തടയാനുള്ള മാർഗ്ഗം രൂപകല്പന ചെയ്തു. പത്ത് വർഷത്തെ ശ്രമഫലമായി 1980ൽ ഗർഭച്ഛിദ്ര ഗുളിക വികസിപ്പിച്ചെങ്കിലും ബൊലിയോയുടെ ദശാബ്ദങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അന്താരാഷ്ട്ര തലത്തിൽ അതിന് അംഗീകാരം ലഭിച്ചത്. ബൊലിയോയുടെ ഗവേഷണങ്ങളെ ഒരു വിഭാഗം എതിർക്കുകയും ചെയ്തിരുന്നു. 1988ൽ ഗുളികയുടെ വില്പനയ്ക്ക് അംഗീകാരം ലഭിച്ചത് യൂറോപ്പിലും യു.എസിലും പ്രതിഷേധങ്ങൾക്ക് കാരണമായി. ഇന്ന് 100ലേറെ രാജ്യങ്ങളിൽ മിഫപ്രിസ്റ്റോൺ ഗുളികയ്ക്ക് അംഗീകാരമുണ്ട്. എന്നാലും യു.എസ് അടക്കം രാജ്യങ്ങളിൽ മിഫപ്രിസ്റ്റോണിന്റെ ഉപയോഗത്തിന് കർശന നിയന്ത്രണമുണ്ട്. അൽഷൈമേഴ്സ് രോഗം തടയാനും കടുത്ത വിഷാദത്തിന്റെ ചികിത്സയ്ക്കുമുള്ള ഗവേഷണങ്ങളിലായിരുന്നു ബൊലിയോ അവസാന നാളുകളിൽ. ഭാര്യ: സിമോൺ ഹരാരി ബൊലിയോ. മൂന്ന് മക്കളുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കം പ്രമുഖർ ബൊലിയോയുടെ വിയോഗത്തിൽ അനുശോചിച്ചു.