'യുദ്ധവിമാനം വീണോയെന്നതല്ല എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനം': സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം

Sunday 01 June 2025 7:53 AM IST

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ പാക് സംഘർഷത്തിനിടയിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നഷ്ടമായിട്ടുണ്ടെന്ന സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാന്റെ പ്രസ്താവനയിൽ മൗനം പാലിച്ച് കേന്ദ്രസർക്കാർ. അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സർക്കാർ രാജ്യത്തെ തെ​റ്റിദ്ധരിപ്പിക്കുകയാണെന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.നഷ്ടങ്ങളെക്കുറിച്ച് സർക്കാർ വെളിപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.എത്രയും പെട്ടെന്ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എന്തുകൊണ്ടാണ് വസ്തുതകളും സത്യങ്ങളും ജനങ്ങളോടും പാർലമെന്റിനോടും തുറന്ന് പറയാത്തതെന്നും ചോദിച്ചു. എന്തുകൊണ്ടാണ് തിരിച്ചടിയുടെ വസ്തുതകൾ വിദേശമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതെന്ന് ടിഎംസി രാജ്യസഭാംഗം സാഗരിക ഘോഷ് ചോദിച്ചു.

ഷാൻഗ്രി-ലാ ഡയലോഗിന്റെ ഭാഗമായി സംയുക്ത സൈനിക മേധാവി ബ്ലൂംബെർഗിന് നൽകിയ അഭിമുഖമാണ് വിവാദമായത്. 'നഷ്ടമെത്ര എന്നതല്ല,​ തന്ത്രപരമായ പിശകുകൾ കണ്ടെത്താനായതാണ് പ്രധാനം. തെറ്റ് തിരുത്തി രണ്ട് ദിവസത്തിന് ശേഷം ദീർഘദൂര ലക്ഷ്യങ്ങളിലേക്ക് യുദ്ധവിമാനങ്ങൾ പറത്തി. യുദ്ധവിമാനം വീണോയെന്നതല്ല എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനം. ഓപ്പറേഷൻ സിന്ദൂറിൽ ചില നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇവയൊക്കെ പരിഹരിച്ച് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി'- എന്നാണ് ജനറൽ ചൗഹാൻ പറഞ്ഞത്.

ആണവായുധങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. പരമ്പരാഗത യുദ്ധ രീതിയിലായിരുന്നു ഓപ്പറേഷൻ. സംഘർഷം അതിരുവിട്ടാൽ നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ പാകിസ്ഥാനുമായുള്ള ആശയവിനിമയ ചാനലുകൾ തുറന്നിട്ടിരുന്നതായും ജനറൽ ചൗഹാൻ പറഞ്ഞു.ആണവയുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു.