'ഹാപ്പി റിട്ടയർമെന്റ് '; ലോക്കൽ ട്രെയിനിൽ സഹയാത്രികന് വെറൈറ്റി വിരമിക്കൽ ആഘോഷം
മുംബയ്: പതിനായിരക്കണക്കിന് ആളുകളാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ചത്. സാധാരണയായി വിരമിക്കൽ ആഘോഷങ്ങളൊക്കെ വീട്ടിൽ വച്ചോ, ഓഫീസിലോ പാർട്ടിഹാളിലോ ഒക്കെയായിരിക്കും നടക്കുക . എന്നാൽ മുംബയിൽ വ്യത്യസ്തമായ ഒരു വിടവാങ്ങൽ ചടങ്ങാണ് അരങ്ങേറിയത്.
എല്ലാവരോടും എപ്പോഴും കരുതലുള്ളവരാണ് മുംബയിലെ ജനങ്ങൾ. അക്കാര്യത്തിൽ മുംബയ് തന്നെയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തെന്ന് പറഞ്ഞാലും തെറ്റ് പറയാൻ കഴിയില്ല. അടുത്തിടെ ലോക്കൽ ട്രെയിനിലെ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് തങ്ങളുടെ ദൈനംദിന ട്രെയിൻ യാത്രകളിൽ പരിചയപ്പെട്ട ഒരു സഹയാത്രികന്റെ വിരമിക്കൽ ആഘോഷിക്കാൻ ഒത്തുകൂടി.
ഹാപ്പി റിട്ടയർമെന്റ് എന്ന് എഴുതിയ ചെറിയ ബാനർ ഉപയോഗിച്ച് ലളിതവും ഹൃദ്യവുമായ ആഘോഷമാണ് സഹയാത്രികർ സംഘടിപ്പിച്ചത്. അലങ്കാരം ലളിതമായിരുന്നെങ്കിലും, സ്വപ്നങ്ങളുടെ നഗരത്തിലെ ലോക്കൽ ട്രെയിനുകളിൽ വെറും യാത്രകൾക്കുപരി ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്ന് ആ സഹയാത്രികർ കാണിച്ചുതന്നു.
വിരമിക്കുന്ന യാത്രക്കാരൻ സ്ഥിരമായി നിൽക്കുന്നിടത്താണ് അലങ്കാരം ഒരുക്കിയത്. ലോക്കൽ ട്രെയിനുകൾ മുംബയ് ജനതയുടെ ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ട്. സ്ഥിരം ട്രെയിൻ യാത്രക്കാരായ സുഹൃത്തുക്കൾക്ക് വാട്സാപ് ഗ്രൂപ്പും ഉണ്ട്.