സൂക്ഷിച്ചില്ലെങ്കിൽ ട്രെയിൻ യാത്ര മുഴുവനായും പാളും; റെയിൽവേയുടെ സുപ്രധാന നിർദ്ദേശം ഇങ്ങനെ
ന്യൂഡൽഹി: ട്രെയിനുകളുടെ സമയം കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ റെയിൽവേ. ട്രെയിനിന്റെ സമയം, മറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) പിന്തുടരാനും റെയിൽവേ നിർദേശിച്ചു. റെയിൽവേയുടെ ഔദ്യോഗിക ആപ്പാണിത്. സ്വകാര്യ ആപ്പുകളായ റെയിൽ യാത്രി, ഇക്സിഗോ ട്രെയിൻ, വേയർ ഇസ് മെെ ട്രെയിൻ എന്നിങ്ങനെയുള്ള സ്വകാര്യ ആപ്പുകളാണ് ട്രെയിൻ യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്നത്.
എന്നാൽ ട്രെയിൻ സമയം, റദ്ദാക്കിയ ട്രെയിൻ, വഴിതിരിച്ചുവിട്ട ട്രെയിൻ അങ്ങനെ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട പല പ്രധാന വിവരങ്ങളൊന്നും ഇത്തരം സ്വകാര്യ ആപ്പുകളിൽ ശരിയായി രേഖപ്പെടുത്തണമെന്നില്ല. ഇത് യാത്രക്കാരെ വലയ്ക്കുന്നു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം നിയന്ത്രിക്കുന്ന ആപ്പാണ് എൻടിഇഎസ്. ഇതിലൂടെ മാത്രമേ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുകയുള്ളു. ഇതിലെ വിവരങ്ങൾ തെറ്റിയാൽ റെയിൽവേയിൽ പരാതി കൊടുക്കാനും നഷ്ടപരിഹാരം ലഭിക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ കേസിന് പോകാനും കഴിയും.
പക്ഷേ സ്വകാര്യ ആപ്പുകൾ അങ്ങനെയല്ല. സ്വകാര്യ ആപ്പുകളിലെ വിവരങ്ങൾക്ക് റെയിൽവേയ്ക്ക് ഏതൊരു ഉത്തരവാദിത്വവും ഇല്ല. റിയൽടെെം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ചാണ് ഇന്ത്യൻ റെയിൽവേ ട്രെയിൻ സമയം പുറത്തുവിടുന്നത്. എന്നാൽ സ്വകാര്യ ആപ്പുകൾ ജിപിഎസ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അതുകൊണ്ടാണ് പലപ്പോഴും ട്രെയിൻ സമയം മാറുമ്പോഴും ഗതാഗത തടസം ഉണ്ടാകുമ്പോഴും സ്വകാര്യ ആപ്പുകളിൽ മാറ്റം ഉണ്ടാകാത്തത്. യാത്രക്കാർക്കായി ഇതിന് മുൻപും സമാന അറിയിപ്പുകൾ റെയിൽവേ നൽകിയിട്ടുണ്ട്. ഇപ്പോൾ തുടർച്ചയായി സ്വകാര്യ ആപ്പുകൾ യാത്രക്കാരെ വലയ്ക്കുന്നതിനിടെയാണ് വീണ്ടും അറിയിപ്പുമായി റെയിൽവേ രംഗത്തെത്തിയത്.