കോട്ടയം ടെക്‌സ്റ്റൈൽസ് ഇന്ന് തുറക്കും....... നെയ്‌ത് കൂട്ടിയ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറക് മുളയ്‌ക്കുന്നു

Monday 02 June 2025 12:50 AM IST

കോട്ടയം : ഒരു വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന പൊതുമേഖലാ സ്ഥാപനമായ കോട്ടയം ടെക്സ്റ്റയിൽസ് ഇന്ന് തുറക്കും. കോടികളുടെ വൈദ്യുതിബിൽ കുടിശികയിൽ അനുകൂല നിലപാടെടുത്തും,​ 40 കോടിയുടെ പാക്കേജിൽ നിന്ന് ആദ്യ തുക അനുവദിച്ചും മോൻസ് ജോസഫ് എം.എൽ.എയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണ് തുണയായത്. പുതിയ യന്ത്രങ്ങളടക്കം സ്ഥാപിക്കും. കഴിഞ്ഞവർഷം മാർച്ച് 20 നാണ് സ്ഥാപനത്തിന് താഴുവീണത്. വിവിധ കാരണങ്ങളാൽ നേരത്തെ അടഞ്ഞു കിടന്നിരുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം രണ്ടാം പിണറായി സർക്കാരിന്റെ ആദ്യകാലത്താണ് പുന:രാരംഭിച്ചത്. സ്ഥാപനത്തിന്റെ ശേഷിക്കനുസരിച്ച് നൂൽ ഉത്പാദനം നടക്കുന്നുണ്ടായിരുന്നു. എന്നാൽ സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാർ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി. ഇവർ നൽകുന്ന പോളിസ്റ്റർ നൂലാക്കി തിരികെ നൽകുന്നതിന് നിശ്ചയിച്ച തുക കുറഞ്ഞുപോയതിനെ തുടർന്ന് ശമ്പളം, വൈദ്യുതി ചാർജ് എന്നിവ കുടിശികയായി. 52 ലക്ഷം രൂപ കുടിശികയായതോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരി. തുടർന്നാണ് വിഷയം മോൻസ് ജോസഫ് എം.എൽ.എ നിയസഭയിൽ ഉന്നയിച്ചത്.

 വൈദ്യുത കുടിശികയിൽ ഇളവ്

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധനകാര്യ, വ്യവസായ, സഹകരണ, വൈദ്യുതി വകുപ്പ് മന്ത്രിമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ 31 വരെയുള്ള 8 കോടി രൂപയുടെ വൈദ്യുതി കുടിശിക പൂർണമായും ഇളവ് ചെയ്തു. നിലവിലുള്ള കുടിശികയ്ക്ക് സാവകാശവും ലഭിച്ചു. സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തനം നിലച്ചതോടെ സ്ത്രീകൾ അടക്കം നൂറുകണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. ജീവനക്കാരിൽ സമീപവാസികളായ ചിലർ രാവിലെ എത്തി ഒപ്പിട്ട് മടങ്ങുന്നുണ്ട്. വർഷങ്ങളോളം ജോലി ചെയ്ത സ്ഥാപനം പൂർവസ്ഥിതിയലേക്ക് മടങ്ങിവരണമെന്ന് ഇവർ ആഗ്രഹിച്ചിരുന്നു.

സർക്കാർ കൈത്താങ്ങ്

 ബഡ്ജറ്റിൽ 40 കോടിയുടെ പ്രഖ്യാപനം

ആദ്യ ഗഡുവായ 8 കോടി അനുവദിച്ചു

 ഈ ഫണ്ടിന് പുതിയ യന്ത്രങ്ങൾ ഉടൻ

'' പ്രധാന തടസമായിരുന്ന വൈദ്യുതി ചാർജ് കുടിശികയുടെ വിഷയത്തിൽ തീരുമാനമായതാണ് ഗുണകരമായത്. മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടു.

മോൻസ് ജോസഫ് എം.എൽ.എ