നിലമ്പൂരിൽ മത്സരിക്കുന്നത് പിണറായിസത്തിന്റെ പിടിയിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ, നാളെ പത്രിക നൽകുമെന്ന് പിവി അൻവർ
തിരുവനന്തപുരം: പിണറായിസത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള പോരാട്ടമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി. അൻവർ. നാളെ നിലമ്പൂർ തഹസീൽദാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് അൻവർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിന്റെ പ്രഖ്യാപനം.
രാവിലെ 9.30 ന് ചന്തക്കുന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പ്രകടനമായി താലൂക്ക് ഓഫീസിൽ എത്തി നാമനിർദ്ദേശപത്രിക സമർപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഈ മത്സരം കേവലം നിലമ്പൂരിന് വേണ്ടി മാത്രമായുള്ളതല്ല.കേരളത്തെയാകെ പ്രതിനിധീകരിക്കുന്ന പോരാട്ടമാണിത്. പിണറായിസത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നുളള മോചനത്തിനായി സജ്ജമായ കേരളത്തിന്റെ മനസാക്ഷിയെ പ്രചോദിപ്പിക്കുന്നതിലേക്കായി നടത്തുന്ന പോരാട്ടം എന്ന അർത്ഥത്തിലാണ് എന്റെ മത്സരം പ്രസക്തമാവുന്നത്. വിവിധ കക്ഷികളിലെ രാഷ്ട്രീയ നേതാക്കളുടെ പരസ്പരമുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ സന്ദേശം ഈ മത്സരത്തിലൂടെ സാധ്യമാകും എന്നാണ് വിശ്വാസമെന്നും അൻവർ വ്യക്തമാക്കി.