റഷ്യയിൽ വൻ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ, 40 വിമാനങ്ങൾ ആക്രമിച്ചു

Sunday 01 June 2025 8:12 PM IST

മോസ്കോ: റഷ്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രെയ്‌ൻ. റഷ്യയ്ക്കു നേരെ യുക്രെയ്ൻ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്. ഒലെന്യ, ബെലായ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ കടുത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. നാൽപതോളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രെയ്ൻ അവകാശപ്പെടുന്നു.

ഞായറാഴ്ച യുക്രെയ്നിലെ സെെനിക പരിശീലനകേന്ദ്രത്തിൽ റഷ്യ മിസെെൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഡ്രോണാക്രമണം നടത്തുന്നത്. റഷ്യയുടെ ആക്രണത്തിൽ 12 പേർ മരിക്കുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുക്രെയ്നിൽ നിന്ന് 4,000 കിലോമീറ്ററിലധികം അകലെ കിലക്കൻ സെെബീരിയയിലെ ഇർകുട്സ്ക് മേഖലയിലാണ് ബെലായ, ഒലെന്യ വ്യോമതാവളങ്ങൾ ഉള്ളത്.

ആക്രമണം ഇർകുട്സ്ക് ഗവർണർ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് യുക്രെയ്ൻ സെെബീരിയയിൽ ആക്രമണം നടത്തുന്നത്. യുക്രെയ്ന്റെ റിമോട്ട് പെെലറ്റഡ് വിമാനം സ്രിഡ്നി ഗ്രാമത്തിലെ ഒരു സെെനിക യൂണിറ്റിനെ ആക്രമിച്ചുവെന്ന് ഗവർണർ പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.