മഴമാറി,​​ മാനം തെളിഞ്ഞു പ്രളയഭീതിക്ക് ശമനം

Monday 02 June 2025 1:40 AM IST

ആലപ്പുഴ: മഴമാറിയതോടെ കുട്ടനാട്, അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രളയഭീതി സൃഷ്ടിച്ച് വളരെ വേഗത്തിലാണ്

പ്രദേശത്ത് വെള്ളം കയറിയത്. എന്നാൽ,​ ഇന്നലെ മുതൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങിയത് ആശ്വാസമായി. കിഴക്കൻ വെള്ളത്തിന്റെ വരവ് കുറയുന്നതോടെ ഇന്നുമുതൽ കാര്യമായി ജലനിരപ്പ് കുറയുമെന്നാണ് ദുരന്തനിവാരണ അതോറിട്ടി അധികൃതർ പറയുന്നത്. ഇന്നലെ ജില്ലയിൽ യെല്ലോ ആലർട്ടായിരുന്നെങ്കിലും കാര്യമായി മഴ പെയ്തില്ല. പകൽ സമയം മഴതോ‌ർന്ന് നിന്നു. ആലപ്പുഴ നഗരത്തിലെ വിവിധ വാർഡുകളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുതുടങ്ങി. ഇന്ന് ഗ്രീൻ അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.കിഴക്കൻ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും ഈ ദിവസങ്ങളിൽ ഗ്രീൻ അലർട്ടായതിനാൽ ആലപ്പുഴയിൽ പ്രളയഭീതി നിലവിലില്ല. കുട്ടനാട്ടിൽ ചക്കുളത്തുകാവ്, നെടുമുടി, മങ്കൊമ്പ്, എടത്വ എന്നിവിടങ്ങളിലായിരുന്നു ജലനിരപ്പ് ക്രമാതീതമായി ഉയ‌ർന്നത്. എ.സി റോഡിൽ കോരവളവ്, കിടങ്ങറ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വെള്ളപ്പൊക്കത്തിന് ശമനം വന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ ചിലത് അടുത്തദിവസത്തോടെ അവസാനിക്കാനാണ് സാദ്ധ്യത. ബന്ധുവീടുകളിലേക്ക് പോയവരെല്ലാം തിരികെ വീടുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

ജില്ലയിൽ അധിക മഴ

(മാർച്ച് ഒന്നുമുതൽ മേയ് 31 വരെ)​

പ്രതീക്ഷിച്ചത് : 441.4 ശതമാനം

ലഭിച്ചത്: 655.7 ശതമാനം

അധികം : 49 ശതമാനം

ദുരിതാശ്വാസ ക്യാമ്പ്: 68 ( 2957 കുടുംബം, 10029 പേർ)

കഞ്ഞിവീഴ്ത്തൽ കേന്ദ്രം: 11 (216 കുടുംബം, 882 പേർ)

പൂർണമായി തകർന്ന വീടുകൾ: 24

ഭാഗികമായി തകർന്നവ: 844