കാലവർഷത്തിൽ കാലിടറി കുട്ടനാട്ടിലെ കർഷകർ

Monday 02 June 2025 2:42 AM IST

ആലപ്പുഴ: രണ്ടാം കൃഷിയുടെ നെൽവില കിട്ടാത്തതിന്റെ കഷ്ടപ്പാടിനൊപ്പം പതിവിലും നേരത്തെത്തിയ കാലവർഷവും കിഴക്കൻ വെള്ളത്തിന്റെ വരവുമെല്ലാം കൂടി നട്ടംതിരിയുകയാണ് കുട്ടനാട്ടിലെ കർഷകർ. നെല്ലിന്റെ സംഭരണ വില വിതരണം അനിശ്ചിതമായി നീണ്ടുപോകുന്നതിനിടെയാണ് പതിവിലും നേരത്തെ കാലവർഷമെത്തിയത്. പുഞ്ചകൃഷിയുടെ വിതയ്ക്കായി കുട്ടനാട്ടിലെ പാടങ്ങൾ ഉഴുത് വെള്ളം കയറ്റിയിട്ടിരിക്കുമ്പോഴാണ് അതിശക്തമായ മഴയിലെ പെയ്ത്തുവെള്ളവും ആറുകൾ കരകവിഞ്ഞുവന്ന കിഴക്കൻവെള്ളവും അവിടേക്ക് തള്ളിക്കയറിയത്.

അതിശക്തമായി കുത്തിയൊലിച്ചെത്തിയ കിഴക്കൻവെള്ളത്തിൽ കുട്ടനാട്ടിലെ മിക്ക പാടങ്ങളുടെയും ബണ്ടുകൾക്ക് നാശമുണ്ട്. പാകപ്പെടുത്തിയിരുന്ന പാടങ്ങൾ മടവീണും കവിഞ്ഞുകയറിയും വെള്ളത്തിലകപ്പെട്ടതോടെ വിത വൈകുന്ന സ്ഥിതിയാണ്. പാടത്തെ വെള്ളമിറങ്ങിയശേഷം പമ്പിംഗ് നടത്തിയാലേ വിത സാദ്ധ്യമാകൂ. ജൂൺ ആദ്യവാരം വിത ആരംഭിക്കണമെന്നിരിക്കെ കാലവർഷം ഇനിയും ശക്തമായാൽ പാടം വറ്റിച്ച് എങ്ങനെ വിത നടത്തുമെന്ന കാര്യത്തിലും കർഷകർക്ക് നിശ്ചയമില്ല. കൃഷി ഭവൻ മുഖാന്തിരം ലഭിച്ച വിത്തുകൾ കർഷകർ കൈപ്പറ്റിക്കഴിഞ്ഞു. ബണ്ടുകൾ ബലപ്പെടുത്തി വിതയ്ക്കായി പാടങ്ങൾ ആദ്യംമുതൽ ഒരുക്കാൻ ഇനിയും പണം മുടക്കേണ്ട അവസ്ഥയാണ്.

ഇനിയും കിട്ടാനുണ്ട് 242.88 കോടി

1.നെൽവില വിതരണത്തിനുള്ള ബാങ്ക് കൺസോർഷ്യത്തിലുൾപ്പെട്ട എസ്.ബി.ഐ ധാരണാപത്രം പുതുക്കാത്തതിനാൽ വില വിതരണം നിർത്തിയതോടെ മാർച്ച് 31വരെ നെല്ല് കൈമാറിയ കർഷകർക്കും പണം കിട്ടാതായി

2.കുട്ടനാടുൾപ്പെടെ ആലപ്പുഴ ജില്ലയിൽ നിന്ന് 39,632 കർഷകരിൽ നിന്നായി 1,45,000 മെട്രിക് ടൺ നെല്ലാണ് ഇത്തവണ സപ്ളൈകോ സംഭരിച്ചത്. ഇതിന്റെ വിലയായ 411.28 കോടി രൂപയിൽ 242.88 കോടിയാണ് ഇതുവരെ വിതരണം ചെയ്തത്

3.ഏപ്രിൽ മാസത്തിലും വിളവെടുപ്പിന്റെ അവസാനഘട്ടമായ മേയിലും സംഭരിച്ച നെല്ലിന്റെ വിലയാണ് ഇനികിട്ടാനുള്ളത്. വിതയ്ക്കായി എവിടെ നിന്ന് പണം കണ്ടെത്തുമെന്നറിയാതെ വലയുകയാണ് കർഷകർ

4. എസ്.ബി.ഐയുമായുള്ള ധാരണാപത്രം പുതുക്കലുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാലേ നെല്ലിന്റെ പണം ലഭ്യമാകൂ. സർക്കാരോ സപ്ളൈകോയോ ഇക്കാര്യത്തിൽ വ്യക്തമായ ഒരുമറുപടി പറയുന്നുമില്ല

മാർച്ച് മാസം വരെ സംഭരിച്ചനെല്ലിന്റെ പണമാണ് അക്കൗണ്ടുകളിലെത്തിയത്. പുഞ്ചകൃഷിയും സ്കൂൾ തുറക്കലും കാലവർഷവുമെല്ലാം കൂടി കർഷകർ നയാപൈസ പോലും എടുക്കാനില്ലാതെ കഷ്ടപ്പാടിലാണ്

- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി