പതിനൊന്നാം വർഷവും ഒന്നാമത്, പ്രവേശനോത്സവത്തിൽ തിളങ്ങാൻ ചെറുതുരുത്തി ഗവ. എൽ.പി സ്‌കൂൾ

Monday 02 June 2025 12:05 AM IST
1. ചെറുതുരുത്തി ഗവൺമെന്റ് എൽ പി സ്കൂൾ

  • പുതുതായെത്തുന്നത് 230 കുട്ടികൾ

ചെറുതുരുത്തി: തുടർച്ചയായി പതിനൊന്നാം വർഷവും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്ന സ്‌കൂളെന്ന നേട്ടം സ്വന്തമാക്കി ചെറുതുരുത്തി ഗവ. എൽ.പി സ്‌കൂൾ. 230 കുട്ടികളാണ് ഈ അദ്ധ്യയനവർഷം പുതുതായി സ്‌കൂളിലെത്തുന്നത്. ഒന്നാം ക്ലാസിൽ 122, എൽ.കെ.ജിയിൽ 96,മറ്റു ക്ലാസുകളിൽ 12 എന്നിങ്ങനെ ആകെ 230 കുട്ടികൾ പ്രവേശനം നേടി. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസ് വരെയുള്ള സ്‌കൂളിൽ എല്ലാ ക്ലാസിലും അഞ്ച് ഡിവിഷൻ വീതമാണുള്ളത്. ചെറുതുരുത്തി എൽ.പി സ്‌കൂളിൽ പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസത്തിനും നിരവധി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്നും 24 ലക്ഷം രൂപയും അനുവദിച്ച് പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികളും ഒരു ഹാളും ശൗചാലയ ബ്ലോക്കുമുണ്ട്. സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപയുടെ വർണക്കൂടാരം പൂർത്തീകരണത്തിലാണ്. പഞ്ചായത്ത് നിർമ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പ്രവേശനോത്സവത്തോടൊപ്പം നടക്കും. 32 അദ്ധ്യാപകരും 11 അനദ്ധ്യാപകരും സ്‌കൂളിലുണ്ട്.

സ്‌കൂൾ ഹൈടെക് നിലവാരത്തിൽ

സർക്കാർ സ്‌കൂളായ ചെറുതുരുത്തി ഗവ. എൽ.പി സ്‌കൂളിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ ഉൾപ്പെടെ ഹൈടെക് സാങ്കേതികവിദ്യയോടെയാണ് നിർമ്മാണം. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പ്രത്യേകം ഡിസൈൻ ചെയ്ത ചെയറുകളും ടേബിളുകളുമാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി പാർക്കും സജ്ജമാക്കിയിട്ടുണ്ട്. കാർട്ടൂൺ ചിത്രങ്ങളും ആകാശവും ശാസ്താ സാങ്കേതികവിദ്യകളും ദൃശ്യമാകുന്നതാണ് ക്ലാസ് റൂമിന്റെ ചുമരുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂൾ ഹൈടെക്കായി മാറിയതോടെ ജില്ലയ്ക്ക് പുറത്ത് നിന്നുവരെ കുട്ടികളെത്തുന്നുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു.