14കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
ആലുവ: 14 കാരിയെ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയിൽ രണ്ടാനച്ഛനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ പ്രതി, മാതാവ് വീട്ടിലില്ലാത്ത സമയത്ത് കുട്ടിയെ ഒരു വർഷമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.
പാലക്കാടുകാരായ കുടുംബം ആലുവ ചൂർണിക്കര പഞ്ചായത്തിലാണ് താമസം. ഒമ്പതാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടി ആലുവയിലെ ഒരു അനാഥാലയത്തിലാണ് കഴിയുന്നത്. ഹോം നഴ്സിംഗ് സ്ഥാപനത്തിലെ ജോലിക്കാരിയായ മാതാവ് അവധി ദിവസങ്ങളിൽ മകളെ അനാഥാലയത്തിൽ നിന്നു വീട്ടിലേക്ക് കൊണ്ടുപോകാറുണ്ട്. ഈ സമയങ്ങളിലായിരുന്നു പീഡനം. മകളുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം മാതാവ് അറിയുന്നത്.
മാതാവ് റൂറൽ എസ്.പി എം. ഹേമലതക്ക് പരാതി നൽകിതിനെ തുടർന്ന് ഡിവൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി. പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. തന്നെയും പ്രതി ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടെന്ന് മാതാവിന്റെ പരാതിയിൽ പറയുന്നു. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി.