ഡിജിറ്റൽ റവന്യൂ കാർഡ് നവംബറിൽ

Monday 02 June 2025 12:30 AM IST

തൃശൂർ : ഡിജിറ്റൽ റവന്യൂ കാർഡ് നവംബർ ഒന്നിന് പുറത്തിറക്കുമെന്ന് മന്ത്രി കെ. രാജൻ. കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. കേരളത്തിൽ ഡിജിറ്റൽ റീസർവെ കഴിഞ്ഞ വില്ലേജുകളിലാണ് കാർഡ് നൽകി തുടങ്ങുകയെന്ന് മന്ത്രി പറഞ്ഞു. ഒരു വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കേണ്ട ഭൂമി, കെട്ടിട, ബാധ്യത സംബന്ധമായ സേവനങ്ങളെല്ലാം എ.ടി.എം. കാർഡ് പോലെയുള്ള പത്തക്ക ഡിജിറ്റൽ നമ്പറുള്ള കാർഡിലൂടെ അറിയാൻ കഴിയും. മേയർ എം. കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സതീദേവി, വിനോദ് പൊള്ളാഞ്ചേരി, പി.വി. അനിൽകുമാർ, വിനേഷ് തയ്യിൽ, ജയപ്രകാശ് പൂവത്തിങ്കൽ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, ടി. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.