സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പരിശോധന: നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
കോഴിക്കോട്: സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കോഴിക്കോട് സിറ്റി നാർക്കോടിക്ക് സെൽ അസി. കമ്മിഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാവൂർറോഡ് പുതിയ ബസ്സ് സ്റ്റാൻ്റിന് മുൻവശത്തുള്ള ടൊൻ്റി ഫോർ കഫേ, റഫ ഹോട്ട് ആൻറ് കൂൾ എന്നീ ഷോപ്പുകളിൽ നിന്ന് 167 പാക്കറ്റ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി. ഹാൻസ്, കൂൾ ലിപ് എന്നീ നിരോധിത പുകയില ഉത്പനങ്ങളാണ് പിടികൂടിയത്. റഫ ഹോട്ട് ഉടമ കല്ലായി സ്വദേശി കാട്ടിൽ വീട് ഹാത്തിം അഹമദ്ദ് (40) ടൊൻ്റി ഫോർ കഫേ ഉടമ കായലം പൊറ്റമ്മൽ ഹൗസിൽ പി. മുഹമദ്ദ് (57) എന്നിവർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥിക്കളും യുവാക്കളും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഷോപ്പുകളിൽ വന്ന് ലഹരി ഉത്പനങ്ങൾ വാങ്ങുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചായ ജ്യൂസ് മറ്റ് സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്നതിൻ്റെ മറവിലാണ് രണ്ട് ഷോപ്പിലും നിരോധിച്ച ലഹരി ഉത്പനങ്ങൾ വിൽക്കുന്നത്. നടക്കാവ് എസ്.ഐ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും പരിശോധനയിൽ പങ്കെടുത്തു. ഡാൻസാഫ് ടീമിലെ എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അനീഷ് മൂസ്സേൻ വീട്, സരുൺകുമാർ പി.കെ , ഷിനോജ് എം, ദിനീഷ് പി.കെ, മുഹമദ്ദ് മഷ്ഹൂർ കെ.എം എന്നിവരുമുണ്ടായിരുന്നു.