അക്ഷരമുറ്റങ്ങൾ ഉണരുന്നു, ലഹരിക്കെതിരെ പടയൊരുക്കം

Monday 02 June 2025 12:33 AM IST

തൃശൂർ: വേനലവധിയുടെ ഇടവേളക്ക് ശേഷം ഇന്ന് വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ വരവേൽക്കാനൊരുങ്ങുമ്പോൾ ലഹരിക്കെതിരെ വിപുലമായ പ്രവർത്തനങ്ങളുമായി വിവിധ വകുപ്പുകൾ. മേയ് 29 മുതൽ 31 വരെ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്റെ നിർദേശാനുസരണം ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തും മറ്റുമായി നടത്തിയ കർശന പരിശോധനകളിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഷോപ്പുകളും സ്ഥാപനങ്ങളും ഉൾപ്പെടെ 736 സ്ഥാപനങ്ങളും സ്ഥിരമായി മയക്കുമരുന്നുകളും നിരോധിത ലഹരി പദാർത്ഥകളും കടത്തുന്നവരുടെ 170 വാഹനങ്ങളും പരിശോധിച്ചു. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിനും ഉപയോഗിച്ചതിനും 35 കേസുകളും കഞ്ചാവ് ബീഡി വലിച്ചതിന് 14 കേസുകളും കഞ്ചാവ് സൂക്ഷിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു. 42 പേരെ അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

കരുതലായ് കാവലായ്

വിദ്യാർത്ഥികളിൽ മയക്കുമരുന്ന് വിരുദ്ധ അവബോധം വളർത്താൻ പൊലീസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കരുതലായ് കാവലായ് പദ്ധതി ആരംഭിച്ചു. 500 ഓളം വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം ആലേഖനം ചെയ്തിട്ടുള്ള രണ്ട് ലക്ഷം നെയിം സ്ലിപ്പുകളും മിഠായികളും വിതരണം ചെയ്ത് പദ്ധതിക്ക് ഇന്ന് ജില്ലയിൽ തുടക്കമാകും. ഇരിങ്ങാലക്കുട, മാടായിക്കോണം പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക യു.പി. സ്‌കൂളിൽ മന്ത്രി ഡോ. ആർ. ബിന്ദു നെയിം സ്ലിപ്പുകളും മിഠായികളും വിതരണം ചെയ്യും.

ലഹരി വ്യാപനം അറിയിക്കാം

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‌സ് ആപ്പിലൂടെ പൊലീസിനെ അറിയിക്കാം. യോദ്ധാവ് വാട്‌സാപ്പ് നമ്പർ : 9995966666. ഈ നമ്പറിൽ 24 മണിക്കൂറും വിവരങ്ങൾ നൽകാം. ശബ്ദസന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമാണ് വിവരങ്ങൾ കൈമാറാൻ കഴിയു.

ഇന്ന് പുത്തൂരിൽ പ്രവേശനോത്സവം

ജില്ലാതല പ്രവേശനാത്സവം ഇന്ന് പുത്തൂർ ജി.വി.എച്ച്.എസ്.എസിൽ നടക്കും. രാവിലെ 10 ന് മന്ത്രി കെ. രാജൻ പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കും. ഘോഷയാത്ര, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവയുണ്ടാകും.