റഷ്യക്കുമേൽ അപ്രതീക്ഷിത ആക്രമണം: 41 യുദ്ധവിമാനങ്ങൾ തകർത്ത് യുക്രെയിൻ

Monday 02 June 2025 6:39 AM IST

മോസ്‌കോ: വെടിനിറുത്തൽ ചർച്ചകൾ ഇന്ന് തുർക്കിയിൽ നടക്കാനിരിക്കെ റഷ്യക്കുനേരെ അപ്രതീക്ഷിത നീക്കവുമായി യുക്രെയിൻ. ആർട്ടിക് മേഖലയിലടക്കമുള്ള നാല് തന്ത്രപ്രധാന എയർബേസുകളിലേക്ക് ഒരേസമയം ഇരച്ചുകയറിയ ഡ്രോണുകൾ ബോംബറുകളുൾപ്പെടെ 41 റഷ്യൻ യുദ്ധ വിമാനങ്ങൾ തകർത്തു. ' ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബ്" എന്ന പേരിലാണ് ആക്രമണം നടത്തിയത്. ടുപോലേവ് ടി.യു - 95 അടക്കം ആണവ ബോംബുകളെ വഹിക്കാൻ ശേഷിയുള്ള കരുത്തൻ ബോംബറുകളാണ് തകർന്നത്. ആക്രമണങ്ങളുണ്ടായെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടം വ്യക്തമാക്കിയില്ല. യുക്രെയിൻ വാദം ശരിയെങ്കിൽ റഷ്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാകുമിത്.

ബെലായ (സൈബീരിയ),ഡ്യാഗിലേവോ (റയസാൻ), ഇവാനോവോ-സെവെർനി (ഇവാനോവോ)​,​ ഒലെന്യ (മർമാൻസ്ക്)​ എയർബേസുകളാണ് ആക്രമിക്കപ്പെട്ടത്. അതേസമയം,​ ഇന്നലെ പുലർച്ചെ 472 ഡ്രോണുകളും 7 ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചു. 12 യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടു.

ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബ്

 ബുദ്ധികേന്ദ്രം സെക്യൂരിറ്റി സർവീസ് ഒഫ് യുക്രെയിൻ (എസ്.ബി.യു)

 ഒന്നര വർഷത്തെ ആസൂത്രണം. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി നേരിട്ട് മേൽനോട്ടം വഹിച്ചു

 തടി ക്യാബിനുകളുടെ റൂഫിൽ ഡ്രോണുകൾ ഒളിപ്പിച്ചു. ഇവ ട്രക്കുകളിലാക്കി റഷ്യയിലേക്ക് കടത്തി. എയർബേസുകൾക്ക് അടുത്തെത്തിയതോടെ റിമോട്ട്-കൺട്രോൾഡ് റൂഫുകൾ തുറന്നു. മുകളിലേക്ക് പറന്നുയർന്ന ഡ്രോണുകൾ എയർബേസുകളെ ആക്രമിച്ചു.

# പൊട്ടിത്തെറിച്ച് പാലങ്ങൾ

 ഡ്രോൺ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് റഷ്യയിൽ യുക്രെയിൻ അതിർത്തിയോട് ചേർന്ന് രണ്ട് ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ പാലങ്ങൾ തകർന്നു

 ആദ്യ സ്ഫോടനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.50ന് ബ്രയാൻസ്കിൽ. റെയിൽവേ ട്രാക്കിന് മുകളിലുള്ള ഹൈവേ പാലം തകർന്നു. പാലത്തിന്റെ അവശിഷ്ടങ്ങൾ ട്രെയിന് മുകളിൽ വീണു. പാളം തെറ്റി ഏഴ് പേർ മരിച്ചു. 69 പേർക്ക് പരിക്കേറ്റു.

 നാല് മണിക്കൂറിന് ശേഷം കുർസ്കിൽ പ്രധാന ഹൈവേയ്ക്ക് മുകളിലൂടെയുള്ള റെയിൽവേ പാലവും തകർത്തു

 പിന്നിൽ യുക്രെയിനാണെന്ന് റഷ്യൻ ആരോപണം